വഴക്കുണ്ടാക്കിയത് മറ്റു രണ്ടുപേര്‍; ആളുമാറി മോഹന്‍ലാലിനെ തല്ലാനെത്തി ടാക്‌സി ഡ്രൈവര്‍മാര്‍
Entertainment news
വഴക്കുണ്ടാക്കിയത് മറ്റു രണ്ടുപേര്‍; ആളുമാറി മോഹന്‍ലാലിനെ തല്ലാനെത്തി ടാക്‌സി ഡ്രൈവര്‍മാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th April 2024, 1:49 pm

ഉണ്ണികളെ ഒരു കഥ പറയാം സിനിമയുടെ ഷൂട്ടിങ് സമയത്ത് കൊടൈക്കനാലിനെ ടാക്‌സി ഡ്രൈവര്‍മാര്‍ ആളുമാറി മോഹന്‍ലാലിനെ തല്ലാന്‍ വന്നിരുന്നെന്ന് സംവിധായകന്‍ വിജി തമ്പി. ക്യാമറാമാന്‍ എസ്. കുമാറും നടന്‍ തിലകനും ടാക്‌സി ഡ്രൈവറുമായി വഴക്കുണ്ടാക്കിയതിന് പകരമായാണ് കൊടൈക്കനാലിലെ ടാക്‌സി ഡ്രൈവറര്‍മാര്‍ മോഹന്‍ലാലിനെ തിരിച്ചു തല്ലണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയത്.

എസ്.കുമാറിന് പകരം മോഹന്‍ലാലാണ് വഴക്കുണ്ടാക്കിയത് എന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ തെറ്റിദ്ധരിക്കുകയായിരുന്നു എന്നും സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ വിജി തമ്പി പറഞ്ഞു.

‘ ഉണ്ണികളെ ഒരു കഥപറയാം എന്ന സിനിമയുടെ ഷൂട്ടിങ് കൊടൈക്കനാലിലായിരുന്നു. എസ്. കുമാറാണ് സിനിമയുടെ ക്യാമറമാന്‍. ഒരു ദിവസം എസ്. കുമാറിന് തലവേദന ആയതിനാല്‍ ഷൂട്ടിങ്ങിന് ബ്രേക്കെടുത്ത് ഞങ്ങള്‍ റൂമിലേക്ക് വരികയായിരുന്നു.

ഞാനും കമലും മോഹന്‍ലാലും എസ്.കുമാറും തിലകന്‍ ചേട്ടനും ഒരു കാറിലായിരുന്നു. ഞങ്ങളുടെ കാറിന് മുമ്പില്‍ എത്ര ഹോണടിച്ചിട്ടും ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിക്കാത്ത ഒരു ടാക്‌സിയുണ്ടായിരുന്നു. തിലകന്‍ ചേട്ടനും എസ്.കുമാറിനും ദേഷ്യം വന്നു. ടാക്‌സി മുന്നില്‍ നിന്നും മാറി തരുന്നുണ്ടായിരുന്നില്ല.

അവസാനം ഓവര്‍ടേക് ചെയ്ത് ടാക്‌സിയെ വട്ടം വെച്ച് ഞങ്ങളുടെ കാര്‍ നിര്‍ത്തി. തിലകന്‍ ചേട്ടനും എസ്.കുമാറും കാറില്‍ നിന്നിറങ്ങി ടാക്‌സി ഡ്രൈവറുമായി വഴക്കുണ്ടാക്കി. അല്‍പനേരത്തിന് ശേഷം ഞങ്ങള്‍ അവിടെ നിന്ന് പോരുകയും ചെയ്തു. ടാക്‌സി ഡ്രൈവര്‍ തിരികെ വന്ന് പ്രശ്‌നമുണ്ടാക്കുമോ എന്ന് ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു.

എന്നാല്‍ നമ്മളിത്രയും പേരില്ലേ പേടിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. മോഹന്‍ലാലിന്റെ തന്നെ മറ്റൊരു സിനിമയുടെ ക്രൂവും ആ സമയത്ത് കൊടൈക്കനാലില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ താമസിക്കുന്നതിന്റെ തൊട്ടടുത്ത് തന്നെയുള്ള ഒരു ഹോട്ടലിലാണ് അവരും താമസിച്ചിരുന്നത്.

രാത്രിയില്‍ ഹോട്ടലിന് പുറത്തെ വലിയ ബഹളം കേട്ട് വന്നുനോക്കിയപ്പോള്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സംഘടിച്ചെത്തി ബഹളമുണ്ടാക്കുന്നതാണ് കണ്ടത്. അവര്‍ക്ക് സിനിമയിലെ നായകനെ തല്ലണമെന്നായിരുന്നു ആവശ്യം. എസ്.കുമാറിനെ അവര്‍ സിനിമയിലെ നായകനായാണ് കരുതിയത്. മാത്രവുമല്ല അന്ന് തമിഴ്‌നാട്ടില്‍ മോഹന്‍ലാല്‍ അത്ര പോപ്പുലറുമായിരുന്നില്ല.

വഴക്കുണ്ടാക്കിയത് സിനിമയിലെ നായകനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ടാക്‌സിക്കാര്‍ വന്നത്. എസ്. കുമാറിന്റെ രൂപം അന്ന് നായകന്റേത് പോലെയായിരുന്നു. അവസാനം മോഹന്‍ലാല്‍ ഇറങ്ങി വന്ന് ഞാനെന്ത് തെറ്റാണ് ചെയ്തത് എന്ന് ചോദിച്ചപ്പോഴാണ് ടാക്‌സിക്കാര്‍ക്ക് ആളുമാറിയതാണെന്ന് മനസ്സിലായത്,’ വിജി തമ്പി പറഞ്ഞു.

content highlights: There were two other people who started the fight; Taxi drivers beat up Mohanlal