|

എമ്പുരാൻ മുന്നോട്ട് പോകുന്ന സമയത്ത് ചില തടസങ്ങളുണ്ടായി, കൂടെ നിന്നത് അദ്ദേഹം: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാനുണ്ടായ തടസങ്ങളെപ്പറ്റി സംസാരിക്കുകയാണ് മോഹൻലാൽ. എമ്പുരാൻ മുന്നോട്ട് പോകുന്ന സമയത്ത് ചില തടസങ്ങൾ തങ്ങൾക്ക് നേരിട്ടിട്ടുണ്ടെന്നും ആ സമയത്ത് സഹായിച്ചത് ഗോകുലം ഗോപാലനാണെന്നും മോഹൻലാൽ പറയുന്നു. തനിക്ക് 45 വർഷമായി ഗോകുലം ഗോപാലനെ അറിയാമെന്നും മദ്രാസിൽ ഉണ്ടായിരുന്നപ്പോൾ ഉള്ള അതേ സ്നേഹമാണ് ഇപ്പോഴും ഗോപാലന് ഉള്ളതെന്നും മോഹൻലാൽ പറയുന്നു.

സിനിമയെ സഹായിക്കാൻ മനസ് വേണമെന്നും ഗോകുലം ഗോപാലനെ വിളിച്ച് പ്രശ്നം പറയുന്ന സമയത്ത് പിന്നെ ചിന്തിക്കാമെന്നല്ല പറഞ്ഞതെന്നും ഒരു നല്ല സിനിമ നിന്നുപോകരുത് എന്നാണ് പറഞ്ഞതെന്നും മോഹൻലാൽ പറയുന്നു.

ഇതിന് മുമ്പും സിനിമ ചെയ്യണമെന്ന് പറഞ്ഞ് ഗോപാലൻ വന്നിരുന്നുവെന്നും പല കാരണങ്ങൾ കൊണ്ട് അന്ന് സാധിച്ചില്ലായെന്നും പറയുകയാണ് മോഹൻലാൽ. ഇങ്ങനെ ഒരു സിനിമ ചെയ്യാൻ വേണ്ടിയിട്ടാണ് കാത്തിരുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

എമ്പുരാൻ്റെ പ്രമോഷൻ്റെ ഭാഗമായി കൊച്ചിയിൽ നടന്ന പ്രസ് മീറ്റിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.

‘എമ്പുരാൻ മുന്നോട്ട് പോകുന്ന സമയത്ത് ഞങ്ങൾക്ക് ചില തടസങ്ങളുണ്ടായി. ഒരു പ്രത്യേക സമയത്താണ് ആ തടസങ്ങളുണ്ടായത്. എനിക്ക് 45 വർഷത്തോളം എനിക്ക് ഗോപാലേട്ടനെ അറിയാം. മദ്രാസിൽ ഉണ്ടായിരുന്നപ്പോൾ എന്നെ കാണുമ്പോൾ ഉണ്ടായിരുന്ന അതേ സ്നേഹമാണ് ഈ 45 വർഷം കഴിഞ്ഞ് ഇപ്പോൾ കാണുമ്പോഴും.

പിന്നെ ഒരു സിനിമയെ സഹായിക്കാൻ ഒരു മനസ് വേണം. ഗോപാലേട്ടനെ വിളിച്ച് ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് പറയുന്ന സമയത്ത് ‘അയ്യോ മോനേ ഇപ്പോൾ കുറച്ച് കഷ്ടമാണ്, നമുക്ക് പിന്നെ ചിന്തിക്കാം’ അങ്ങനെയല്ല അദ്ദേഹം പറഞ്ഞത്.

‘ഒരു നല്ല സിനിമ നിന്നുപോകരുത്’ എന്ന് പറഞ്ഞാണ് അദ്ദേഹം നമ്മുടെ കൂടെ നിന്നത്. ഇതിന് മുമ്പും എത്രയോ പ്രാവശ്യം നമുക്കൊരു സിനിമ ചെയ്യണമെന്ന് പറഞ്ഞ് വന്നിരുന്നു. പല കാരണങ്ങൾ കൊണ്ട് അന്ന് സാധിച്ചില്ല.

സിനിമ എന്ന് പറയുന്നത് ഒരു നിമിത്തമായിട്ട് ഞാൻ വിശ്വസിക്കുന്നു. ഇങ്ങനെ ഒരു സിനിമ ചെയ്യാൻ വേണ്ടിയിട്ടാണ് ഗോപാലേട്ടാ നമ്മൾ കാത്തിരിന്നത്,’ മോഹൻലാൽ പറഞ്ഞു.

Content Highlight: There were some obstacles as Empuran moved forward, but he stood by him says mohanlal