പത്തനംതിട്ട: 41 ആളുകള്‍ നിരോധാനാജ്ഞ ലംഘിക്കാന്‍ ശബരിമലയില്‍ എത്തുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ പ്രഖ്യാപനം പാളി. ഇന്ന്‍ ആകെ എത്തിയത് അഞ്ചു പേര്‍ മാത്രം. സംഘര്‍ഷത്തെ തുടര്‍ന്ന് നിലയ്ക്കലില്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധാനാജ്ഞ ലംഘിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.
ശബരിമലയിലെ 41 ദിവസത്തെ വ്രതത്തെ മുന്‍നിര്‍ത്തി 41 യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധാനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുമെന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നത്. എന്നാല്‍ നിരോധാനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയ യുവമോര്‍ച്ചാ നേതാവ് പ്രകാശ് ബാബുവടക്കം അഞ്ചു പേരായിരുന്നു ആകെ സന്നിധാനത്ത് കടന്നത്.
ഇവരെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. സന്നിധാനത്ത് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് പ്രകാശ് ബാബു പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ അഞ്ചു പേരെ കൂടാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല.
അതേസമയം, ശബരിമല മേഖലയില്‍ ആകെ നൂറില്‍ താഴെ പ്രവര്‍ത്തകരേ ഉള്ളുവെന്നും കൂടുതല്‍ പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്നും പറഞ്ഞ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. “നമ്മുടെ അധികം ആള്‍ക്കാര്‍ ഇല്ല. അത് കൊണ്ട് തന്നെ ഞങ്ങളെ കൊണ്ട് തടുക്കാന്‍ കഴിയുന്നിതിന് ഒരു ലിമിറ്റ് ഉണ്ട്. അതിന് മുകളില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ഇരുമുടിക്കെട്ടില്ലാതെ വരുന്ന നമ്മുടെ ആള്‍ക്കാരെ മുഴുവന്‍ പത്തനംതിട്ടയില്‍ വച്ച് പൊലീസ് ബ്‌ളോക്ക് ചെയ്തിട്ടുണ്ട്.
എല്ലാവരും ഇരുമുടിക്കെട്ടെടുത്തിട്ട് മാലയിട്ട് കറുപ്പുടുത്ത് വേണം വരാന്‍. എത്രയും പെട്ടെന്ന് പമ്പയില്‍ എത്തിച്ചേരാന്‍ ശ്രമിക്കുക. ഇരുമുടിക്കെട്ട് എടുത്തിട്ട് വന്നാല്‍ നിങ്ങളെ ആരും തടുക്കില്ല. എത്രയും പെട്ടെന്ന് ഇങ്ങോട്ട് വരിക. ഇവിടെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. രണ്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവസ്ഥ കുറേകൂടി മോശമാവാന്‍ ആണ് സാധ്യത. എത്രയും പെട്ടെന്ന് ആള്‍ക്കാര്‍ ഇവിടെ എത്തിച്ചേരുക- ഇതായിരുന്നു ഫേസ്ബുക്ക് ലൈവ്.
അതേസമയം, സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നിരോധാനാജ്ഞ വെള്ളിയാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. നിരോധാനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ സംഘം ചേരാന്‍ പാടില്ലെന്ന് കളക്ടര്‍ പറഞ്ഞു. ശബരിമലയില്‍ വിശ്വാസികള്‍ക്കിടയില്‍ അക്രമികള്‍ നുഴഞ്ഞുകയറിയോ എന്ന് പരിശോധിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.