മുനമ്പത്ത് മതസൗഹാര്‍ദത്തെ തകര്‍ക്കും വിധത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായി: ഡോ. തോമസ് ജെ. നെറ്റോ
Kerala News
മുനമ്പത്ത് മതസൗഹാര്‍ദത്തെ തകര്‍ക്കും വിധത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായി: ഡോ. തോമസ് ജെ. നെറ്റോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2024, 5:56 pm

തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ മതസൗഹാര്‍ദം തകര്‍ക്കും വിധത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായതായി ലത്തീന്‍ അതിരൂപത. ആളുകളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് മുനമ്പത്ത് നടന്നതെന്ന് ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു.

തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മുനമ്പം ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈകാരികമായി പ്രതികരണം നല്‍കണമെന്നും അതിനെ വര്‍ഗീയവത്ക്കരിക്കണമെന്നും ആഗ്രഹിക്കുന്ന തത്പരകക്ഷികള്‍ ജീവിക്കുന്ന നാട്ടിലാണ് നമ്മള്‍ കഴിയുന്നത്. ആ നാട്ടില്‍ ശ്രദ്ധയോടെ ജീവിക്കണമെന്നും ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു.

കേരളത്തിന്റെ പ്രധാനപ്പെട്ട സവിശേഷതകളില്‍ ഒന്നാണ് മതേതരത്വം. അതിനെ തകര്‍ക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന തിരിച്ചറിവ് വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നീതി ലഭിക്കണമെന്ന നിലപാടില്‍ ഒരു മാറ്റവുമില്ല. അതിനുവേണ്ടിയാണ് ഈ ഒത്തുകൂടല്‍. പൊതുസമൂഹം ഇന്ന് വസ്തുതകള്‍ മനസിലാക്കുന്നുമുണ്ട്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ നടത്തുന്ന ഇടപെടല്‍ ആശാവഹവുമാണെന്നും തോമസ് ജെ. നെറ്റോ പറഞ്ഞു.

ചരിത്രത്തിലേക്ക് പോകുന്നില്ല, പക്ഷെ കോടതി വ്യവഹാരങ്ങളിലൂടെ നീതി നേടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനാണ് നമ്മള്‍ ഇപ്പോള്‍ പിന്തുണ അറിയിച്ചിരിക്കുന്നതെന്നും തോമസ് ജെ. നെറ്റോ പറഞ്ഞു.

സമരത്തിന്റെ രാഷ്ട്രീയ വശങ്ങളെ കുറിച്ച് തനിക്കറിയില്ല. എന്നാല്‍ മാധ്യമങ്ങളില്‍ വരുന്ന ചില വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത് ഇക്കാര്യത്തില്‍ ആര്‍ക്കൊക്കെയോ പ്രത്യേക താത്പര്യമുണ്ടെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുത്തു.

മുനമ്പം പ്രശ്‌നത്തില്‍ സര്‍വകക്ഷിയോഗം വേണമെന്നും ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അടിയന്തിരമായി മുനമ്പം വിഷയത്തില്‍ ഇടപെടണമെന്നും ലത്തീന്‍ സഭ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ മുനമ്പം വിഷയത്തെ പരിഗണിക്കാതിരിക്കരുതെന്നാണ് ലത്തീന്‍ സഭ പറഞ്ഞത്.

Content Highlight: There were interventions to break religious harmony in Munambam: Dr. Thomas J. Neto