|

സൈന്യത്തില്‍ ചേരാന്‍ 24 വയസിന് മുമ്പ് സമയുണ്ടായിരുന്നല്ലോ; കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലേക്ക് എത്തുക എന്നതായിരുന്നു തന്റെ വിധിയെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമയിലേക്ക് എത്തിയില്ലായിരുന്നുവെങ്കില്‍ സൈന്യത്തില്‍ ചേരുമായിരുന്നു എന്ന ഉണ്ണി മുകുന്ദന്റെ പ്രസ്താവനയെ പറ്റി ഡൂള്‍ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തക്ക് താഴെയാണ് ഉണ്ണി മുകുന്ദന്‍ തന്നെ കമന്റുമായി എത്തിയത്.

‘സൈന്യത്തില്‍ ചേരാന്‍ 24 വയസിന് മുമ്പ് ഒരുപാട് സമയമുണ്ടായിരുന്നല്ലോ’ എന്ന കമന്റിനാണ് അദ്ദേഹം മറുപടി നല്‍കിയത്. ‘സത്യം പറഞ്ഞാല്‍ ഭയമായിരുന്നു. സൈന്യത്തില്‍ ചേരുന്നതിനെ പറ്റിയുള്ള നടപടിക്രമങ്ങളെ കുറിച്ച് അറിയില്ലായിരുന്നു. മാത്രവുമല്ല അന്ന് ഗ്രാജുവേറ്റുല്ലായിരുന്നു. ഏറ്റവും പ്രധാനമായി അഭിനേതാവ് ആവുക എന്നതായിരുന്നു എന്റെ വിധി,’ എന്നാണ് ഉണ്ണി മുകുന്ദന്‍ കമന്റിന് മറുപടി കുറിച്ചത്.

ഷെഫീക്കിന്റെ സന്തോഷം എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ സൈന്യത്തില്‍ ചേര്‍ന്നേനെയെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. ‘ലോഹിതദാസ് സാറിന്റെ അഡ്രസ് തപ്പിപിടിച്ച് അച്ഛന്‍ തന്നില്ലായിരുന്നെങ്കില്‍ ഞാന്‍ സൈന്യത്തില്‍ ചേര്‍ന്നേനെ. സിനിമയില്‍ വരാന്‍ ഇഷ്ടമായിരുന്നു. പക്ഷേ നടക്കണമെന്നില്ലല്ലോ. എന്റെ ഒരു ആഗ്രഹം അച്ഛനോട് പറഞ്ഞപ്പോള്‍ അതൊരു വ്യത്യസ്തമായ ചിന്തയാണെന്ന് അച്ഛന്‍ പറഞ്ഞതുകൊണ്ട് മാത്രം വന്നതാണ്. അമ്മയും ഓക്കെ പറഞ്ഞു,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

സിനിമയില്‍ ചേരണമെന്ന ആഗ്രഹവുമായി 17ാം വയസിലാണ് ലോഹിതദാസിന് കത്തെഴുതിയതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. ‘ലോഹി സാറിനെ കണ്ടപ്പോള്‍ കിട്ടിയ ഫീഡ് ബാക്ക് വ്യക്തി എന്ന നിലയില്‍ വളരെ വലുതായിരുന്നു. പതിനേഴ് പതിനെട്ട് വയസുള്ള ഒരാളെ അത്രയും മര്യാദ വെച്ച് പുള്ളി ഹാന്‍ഡില്‍ ചെയ്തത് ഭയങ്കര വെല്‍കമിങ്ങായിരുന്നു.

എന്റെ ഹാന്‍ഡ്റൈറ്റിങ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു, എന്തെങ്കിലുമൊക്കെ കാണുമെന്ന് വിചാരിച്ചു. പുള്ളിയുടെ വിഷനായിരുന്നു അത്. പിന്നീട് പല സ്ഥലത്ത് നിന്നും എനിക്ക് നെഗറ്റീവ് ഫീഡ്ബാക്ക്സ് കിട്ടിയിട്ടുണ്ട്. എല്ലാവരും അതുപോലെയല്ല, ലോഹി സാറിനെ പോലെയുള്ള ആളുകളുണ്ട്. അതാണ് എന്നെ മുന്നോട്ട് പോകാന്‍ സഹായിക്കുന്നത്.

ഞാന്‍ ഗുജറാത്തിലാണ്, എനിക്ക് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്, എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല എന്നൊക്കെയാണ് ലോഹി സാറിന് എഴുതിയ കത്തില്‍ എഴുതിയത്. അച്ഛന്‍ രജിസ്റ്റേര്‍ഡ് കത്താണ് അയച്ചത്. പിന്നെ ഒരു കഥാപാത്രം കിട്ടി. അത് ജീവിതം മാറ്റിയ നിമിഷമായിരുന്നു,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

നവംബര്‍ 25നാണ് ഷെഫീക്കിന്റെ സന്തോഷം റിലീസ് ചെയ്തത്. അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തത്. ബാല, ആത്മീയ, ദിവ്യ പിള്ളൈ, മനോജ് കെ. ജയന്‍, സ്മിനു സിജോ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

Content Highlight:There was time before the age of 24 to join the army; Unni Mukundan replied to the comment