| Wednesday, 27th December 2017, 11:04 am

'അതില്‍ എന്തോ ഉണ്ടായിരുന്നു'; കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരിപ്പ് ഊരിവാങ്ങിയതില്‍ പാക്കിസ്ഥാന്റെ വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക്ക് ജയിലിലടച്ചിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയുടേയും അമ്മയുടേയും ചെരിപ്പും ആഭരണങ്ങളും പൊട്ടും ഉള്‍പ്പെടെ അഴിപ്പിച്ച് അപമാനിച്ചുവെന്ന ആരോപണത്തില്‍ മറുപടിയുമായി പാക്കിസ്ഥാന്‍.

കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് ഊരിമാറ്റിയ വിഷയത്തിലായിരുന്നു വിശദീകരണവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. അതിനുള്ളില്‍ സംശയകരമായ നിലയില്‍ എന്തോ ഉണ്ടായിരുന്നെന്നും സുരക്ഷാ കാരണങ്ങളാലാണ് അങ്ങനെ ചെയ്തതെന്നുമായിരുന്നു പാക്കിസ്ഥാന്റെ വാദം.

സന്ദര്‍ശന ശേഷം അവരുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയപ്പോള്‍ പുതിയ ചെരിപ്പുകളും അവര്‍ക്കു നല്‍കിയിരുന്നുവെന്നും പാക്ക് വിദേശകാര്യവക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

ഡിസംബര്‍ 25 ാം തിയതി ക്രിസ്മസ് ദിനത്തിലായിരുന്നു കുല്‍ഭൂഷണ്‍ ജാദവിനെ അമ്മ അവന്തിയും ഭാര്യ ചേതനയും സന്ദര്‍ശിച്ചത്. കുല്‍ഭൂഷനെ കാണുന്നതിന് മുന്നോടിയായി ഇരുവരുടേയും ആഭരണങ്ങളും ചെരിപ്പും ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഊരിവാങ്ങിയിരുന്നു. കൂടിക്കാഴ്ചയ്ക്കു മുമ്പ് അവന്തിയുടെയും ചേതനയുടെയും വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിക്കുയും ചെയ്തിരുന്നു.

തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇരുവരെയും അപമാനിച്ചെന്ന് ആരോപിച്ച് ഇന്ത്യ രംഗത്തെത്തുകയും ചെയ്തിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് ഉണ്ടാക്കിയ ധാരണകള്‍ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്നും സുരക്ഷയുടെ പേരു പറഞ്ഞു കുല്‍ഭൂഷന്റെ കുടുംബത്തിന്റെ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു.

കുല്‍ഭൂഷണിന്റേതു സമ്മര്‍ദത്തിന്റെ ശരീരഭാഷയായിരുന്നെന്നും പാക്കിസ്ഥാന്റെ നുണപ്രചാരണങ്ങള്‍ ഏറ്റുപറയിക്കുകയായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. 22 മാസത്തിനു ശേഷമാണു ഭാര്യ ചേതനയും അമ്മ അവന്തിയും കുല്‍ഭൂഷണെ കണ്ടത്.

Latest Stories

We use cookies to give you the best possible experience. Learn more