കൊല്‍ക്കത്ത: മഹേന്ദ്ര സിങ് ധോണിയുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടാണെന്ന വി.വി.എസ് ലക്ഷ്മണിന്റെ പ്രസ്താവന തന്നെ ഞെട്ടിച്ചെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ധോണിയുടെ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ ലക്ഷ്മണിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമായിരുന്നു എന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. []
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുക വഴി വി.വി.എസ് ലക്ഷ്മണ്‍ സെലക്ടര്‍മാര്‍ക്ക് ശക്തവും വ്യക്തവുമായ സന്ദേശം നല്‍കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ തീരുമാനം 200% ശരിയാണെന്നും ഗാംഗുലി പറഞ്ഞു.
സെലക്ടര്‍ ശ്രീകാന്തിന് ആശയവിനിമയത്തിന്റെ കാര്യത്തില്‍ വലിയ അപാകത സംഭവിച്ചിട്ടുണ്ട്. രണ്ട് ടെസ്റ്റുകള്‍ക്ക് ഫിറ്റാക്കുന്ന തരത്തില്‍ കഠിനമായ പരിശീലനം ലക്ഷ്മണിനെപ്പോലൊരു കളിക്കാരന് ലഭിച്ചിരുന്നില്ല. നേരത്തെ അവര്‍ അവരുടെ അഭിപ്രായം ലക്ഷ്മണിനോട് തുറന്ന് പറഞ്ഞിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുരോഗതിയെ സഹായിക്കുന്നതല്ല ശ്രീകാന്തിന്റെ സെലക്ഷന്‍ സമീപനങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയ്ക്കുവേണ്ടിയല്ല അവര്‍ തീരുമാനങ്ങളെടുക്കുന്നത്. വെറുതെ ഒരു ബാലന്‍സിങ് സെലക്ഷനാണ് പിന്തുടരുന്നത്. ആരെയെങ്കിലും പുറത്തിരുത്തി, പകരം മറ്റാരെയെങ്കിലുമെടുക്കുന്ന രീതി. ഇത് ക്രിക്കറ്റിനെ സഹായിക്കില്ല” ഗാംഗുലി പറഞ്ഞു.