ബൊഗോട്ട: ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ സാധിച്ചത് അറിവിന്റെയും സൈനിക കലയുടെയും സംയോജനത്തിലൂടെയാണെന്ന് ഓപ്പറേഷന്‍ നേതൃത്വം നല്‍കിയ കൊളംബിയന്‍ സായുധ സേനയുടെ ജോയിന്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡിന്റെ (സി.സി.ഒ.ഇ.എസ്) തലവന്‍ കൂടിയായ ജനറല്‍ പെഡ്രോ സാന്‍ചെസ് പറഞ്ഞു.
തങ്ങള്‍ എപ്പോഴും ജീവന്‍ രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
‘ഞങ്ങള്‍ എപ്പോഴും ജീവനുകള്‍ രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് വ്യത്യസ്തമായ പോരാട്ടമായിരുന്നു. ഈ ദൗത്യം ഉപേക്ഷിക്കുകയും പരാജയപ്പെടുകയും ചെയ്യുക എന്നൊരു ഓപ്ഷന്‍ ഞങ്ങള്‍ക്കില്ലായിരുന്നു. നല്ല പരിശീലനം ലഭിച്ച കൊളംബിയന്‍ ആര്‍മി അസാധ്യമായത് നേടിയെടുക്കുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
പ്രശസ്തമായ ഗ്രീന്‍ ബെററ്റുകളും ഡെല്‍റ്റ ഫോഴ്‌സും അടങ്ങുന്ന യു.എസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡിന്റെ തത്തുല്യമായ ഫോഴ്‌സാണ് സി.സി.ഒ.ഇ.എസ്. 2007ലാണ് ഇത് രൂപീകരിക്കപ്പെടുന്നത്. യൂണിയന്‍, സമഗ്രത, വിജയം എന്ന മുദ്രാവാക്യത്തിലൂന്നിയാണ് സി.സി.ഒ.ഇ.എസ് പ്രവര്‍ത്തിക്കുന്നത്.
കൊളംബിയ വിമാനാപകടത്തില്‍ കാണാതായ നാല് കുട്ടികളെയും സി.സി.ഒ.ഇ.എസ് ആമസോണ്‍ വനത്തില്‍ ജീവനോടെ കണ്ടെത്തിയത്. അപകടം നടന്ന് അഞ്ച് ആഴ്ചകള്‍ക്ക് ശേഷമാണ് കുട്ടികളെ കണ്ടെത്തിയത്.
അപകടം നടന്നതിന് സമീപത്തുള്ള കൊളംബിയ കാക്വെറ്റ-ഗ്വാവിയര്‍ പ്രവിശ്യയിലെ അതിര്‍ത്തിക്കടുത്തായിട്ടാണ് സൈന്യം കുട്ടികളെ കണ്ടെത്തിയത്. രാജ്യത്തിനൊരു സന്തോഷ വാര്‍ത്തയെന്ന് ട്വിറ്ററില്‍ കുറിച്ചുകൊണ്ടാണ് കുട്ടികളെ കണ്ടെത്തിയ വിവരം പ്രസിഡന്റ് ഗുസ്താവോ പെട്രോ ആണ് അറിയിച്ചത്.
‘രാജ്യത്തിനൊരു സന്തോഷ വാര്‍ത്ത. അപകടത്തില്‍ കാണാതായ നാല് കുട്ടികളെയും ആമസോണ്‍ വനത്തില്‍ നിന്നും ജീവനോടെ കണ്ടെത്തിയിരിക്കുന്നു,’ എന്നാണ് പെട്രോ ട്വിറ്ററില്‍ കുറിച്ചത്. ആമസോണ്‍ പ്രവിശ്യയിലെ അറാറക്വാറയിലൂടെ സഞ്ചരിക്കുന്നതിനിടെ മെയ് ഒന്നിനായിരുന്നു വിമാനാപകടം ഉണ്ടായത്. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നായിരുന്നു അപകടം.
അമ്മയും നാല് മക്കളും പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ ഏഴ് പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഒരു വയസുള്ള കുഞ്ഞും പതിമൂന്നും, ഒന്‍പതും നാലും വയസുള്ള കുട്ടികളുമായിരുന്നു അപകടത്തില്‍പ്പെട്ടത്. അമ്മയും പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു.
അപകടത്തിന് പിന്നാലെ കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയിരുന്നു. കുട്ടികള്‍ ഉപയോഗിച്ച വെള്ളകുപ്പികളും രണ്ട് കത്രികകളും മുടികെട്ടാന്‍ ഉപയോഗിച്ച റിബ്ബണും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടികളുടെ കാലടയാളങ്ങളും സൈന്യം കണ്ടെത്തി.
നായകളെ ഉപയോഗിച്ചും സൈന്യം തിരച്ചില്‍ നടത്തിയിരുന്നു. വിമാനങ്ങളും ഹെലികോപ്ടറും ഉപയോഗിച്ചും സൈന്യവും എന്‍ഫോഴ്സും തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
ഹുയിറ്റോട്ടോ എന്ന തദ്ദേശീയ വിഭാഗത്തില്‍പ്പെട്ടവരാണ് ഈ കുട്ടികള്‍. അതുകൊണ്ട് തന്നെ പഴങ്ങളെ കുറിച്ചുള്ള അറിവാണ് ഇവരെ അതിജീവിക്കാന്‍ സഹായിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
content highlights: ‘There was no option of giving up and failing;’ Armed chief in Colombian rescue operation