വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊന്‍പതാം നൂറ്റാണ്ട് സെപ്റ്റംബര്‍ എട്ടിന് ഓണം റിലീസായി തിയേറ്ററുകളില്‍ എത്തുകയാണ്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വലിയ ടെക്നിക്കല്‍ ടീം തന്നെ സിനിമയ്ക്ക് പുറകിലുണ്ട്. സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനോയ് പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സിനിമയിലെത്തുന്നത്.
കഴിഞ്ഞ പത്തു പന്ത്രണ്ട് കൊല്ലമായി അച്ഛന്‍ നേരിട്ട പ്രശ്നങ്ങളെയും പത്തൊന്‍പതാം നൂറ്റാണ്ടിന് വേണ്ടിയെടുത്ത കഷ്ടപാടുകളെയും കുറിച്ച് പറയുകയാണ് വിനയന്റെ മകന്‍ വിഷ്ണു വിനയ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഗോകുലം മാളില്‍ വെച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആദ്യമായി എന്റെ അച്ഛന്റെ സിനിമ ജീവിതത്തിലെ സ്വപ്നത്തിന്റെ കൂടെ നിന്ന ശ്രീ ഗോകുലം ഗോപാലന്‍ സാറിനും അദ്ദേഹത്തിന്റെ ടീമിനോടും ഞാന്‍ നന്ദി അറിയിക്കുകയാണ്. മാത്രമല്ല ഈ സിനിമയില്‍ ഞാന്‍ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.
ഒരു പൊലീസ് ഓഫീസറുടെ വേഷമാണത് അപ്പോള്‍ അതിന് ശേഷമായിരിക്കും ആളുകളൊക്കെ എന്നെ തിരിച്ചറിയാന്‍ പോകുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഹിറ്റാവാന്‍ സാധ്യതയുള്ള സിനിമയാണിത്. ആളുകള്‍ തിരിച്ചറിയുന്നത് ഒരു നടനെന്ന രീതിയില്‍ സുഖമുള്ള കാര്യമാണല്ലോ. പക്ഷെ അതിനേക്കാള്‍ കൂടുതല്‍ എനിക്ക് സന്തോഷം നല്‍കുന്നത് ഇതില്‍ ഡയറക്ടര്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തു എന്നതാണ്.
നേരത്തെ അവതാരക പറഞ്ഞു പത്ത് പന്ത്രണ്ട് കൊല്ലമായിട്ട് അച്ഛന് കുറച്ച് ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നു എന്നും. അച്ഛന്‍ ഒരുപാട് സിനിമ ചെയ്തുവെങ്കിലും സിനിമ ചെയ്യുന്നു എന്ന് കാണിക്കാന്‍ വേണ്ടി ചെയ്തപോലെ എന്നൊക്കെ. പക്ഷെ കഴിഞ്ഞ ഒരു മൂന്നാല് കൊല്ലമായിട്ട് അച്ഛന്‍ ഈ സിനിമക്ക് വേണ്ടി ഒരുപാട് കഷ്ട്ടപെട്ടു. അച്ഛന്‍ സിനിമ കാണാത്തൊരവസ്ഥയുണ്ടായിരുന്നു അതൊക്കെ മാറി സിനിമകള്‍ കാണാന്‍ തുടങ്ങി, ഒരുപാട് വായിക്കാന്‍ തുടങ്ങി,’വിഷ്ണു വിനയ് പറഞ്ഞു.
‘ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇതിനൊരു വലിയ ടെക്നിക്കല്‍ ടീമുണ്ട്. ക്യാമറാമാന്‍ ഷാജിയേട്ടന്‍, എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, പട്ടണം റഷീദ്, സൗണ്ട് ഡിസൈന്‍ ചെയ്ത പി.എം. സതീഷ് ഇവരെല്ലാവരും വലിയ സിനിമകള്‍ ചെയ്തവരാണ്. അപ്പോള്‍ ഇവരെയെല്ലാവരെയും ഒരുമിച്ച് കൂടെനിര്‍ത്തി കൊണ്ട്പോവുക എന്നത് വലിയ ടീം വര്‍ക്കാണ്. അത് കണ്ടുപഠിക്കേണ്ട ഒരു കാര്യമാണ്. അങ്ങനെ കുറേപേര്‍ ചേര്‍ന്ന് ചെയ്ത ഒരു സിനിമയായത് കൊണ്ട് ഇതൊരു നല്ല സിനിമയാകും എന്നാണെന്റെ വിശ്വാസം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപണിക്കരുടെ കഥയാണ് സിനിമയിലുള്ളത്. സിജു വില്‍സനാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്
Content Highlight: There was a time when my father did not watch the film, this film is the work of my father for three and a half years says Vishnu Vinay