ന്യൂദല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ പോക്‌സോ കേസ് റദ്ദാക്കാന്‍ ദല്‍ഹി പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടതിന് പിന്നാലെ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഗുസ്തി താരം സാക്ഷി മാലിക്. കേസിനെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ സാക്ഷി വിമര്‍ശിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പരാതി പിന്‍വലിച്ചെന്ന് കാണിച്ചായിരുന്നു പൊലീസ് കേസ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടത്.
പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പില്‍ രേഖപ്പെടുത്തിയപ്പോള്‍ തന്നെ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ പെണ്‍കുട്ടി പരാതി പിന്‍വലിക്കില്ലായിരുന്നുവെന്ന് സാക്ഷി മാലിക് പറഞ്ഞു.
‘പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പില്‍ രേഖപ്പെടുത്തിയപ്പോള്‍ തന്നെ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ പെണ്‍കുട്ടി പരാതി പിന്‍വലിക്കില്ലായിരുന്നു. മാത്രമല്ല മറ്റ് പെണ്‍കുട്ടികളും പരാതിയുമായി വരുകയും ചെയ്യുമായിരുന്നു. അവര്‍ക്ക് ഭീഷണിയും സമ്മര്‍ദവുമുണ്ടെന്നാണ് ഞാന്‍ കേട്ടത്. എന്താണ് ചെയ്യേണ്ടതെന്ന് കോടതി തീരുമാനിക്കട്ടെ,’ സാക്ഷി മാലിക് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച ബ്രിജ് ഭൂഷണെതിരായ പോക്‌സോ കേസ് റദ്ദാക്കാന്‍ പട്യാല ഹൗസ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കിയിരുന്നു.
‘ പോക്‌സോ കേസിലെ അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം സെക്ഷന്‍ 173 സി.ആര്‍.പി.സി പ്രകാരം പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്,’ പൊലീസ് പറഞ്ഞു. ജൂലൈ നാലിനാണ് കേസിലെ തുടര്‍ വാദം കേള്‍ക്കുക.
നിയമ നടപടികള്‍ക്കൊടുവില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്താല്‍ മാത്രമേ തങ്ങള്‍ക്ക് നീതി ലഭിക്കുകയുള്ളൂവെന്ന് സാക്ഷി മാലിക് പറഞ്ഞു.
‘ഞങ്ങള്‍ ഞങ്ങളുടെ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തുകയും കുറ്റപ്പത്രത്തിലെ ഉള്ളടക്കത്തെ കുറിച്ച് പഠിക്കുകയും ചെയ്യും. അതിന് ശേഷമായിരിക്കും തുടര്‍ നടപടികളെ കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുക. കുറ്റപത്രം ശക്തമാണെന്നും ബ്രിജ് ഭൂഷണെതിരായ കേസ് കോടതിയില്‍ നേരിടാന്‍ സാധിക്കുമെന്നും നിയമവിദഗ്ധര്‍ പറഞ്ഞാല്‍ നീതി കിട്ടുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ടാകും. കോടതി വാദത്തിന് ശേഷം ബ്രിജ് ഭൂഷണ്‍ അറസ്റ്റ് ചെയ്യപ്പെട്ടാലാണ് ലൈംഗിക അതിക്രമത്തിന് ഇരയായ താരങ്ങള്‍ക്ക് നീതി ലഭിക്കുകയുള്ളൂ,’ സാക്ഷി പറഞ്ഞു.
അതേസമയം, ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങള്‍ ജന്തര്‍മന്തറില്‍ സമരം ചെയ്തിരുന്നു. തുടര്‍ന്ന് ബ്രിജ് ഭൂഷണിനെതിരായ കുറ്റപത്രം ജൂണ്‍ 15നകം സമര്‍പ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഗുസ്തി സമരം തല്‍ക്കാലം നിര്‍ത്തിവെക്കുകയായിരുന്നു.
Content Highlight: there was a threat and pressure :sakshi malik about retraction by minor