ആ ക്രിക്കറ്റ് താരത്തിന് വേണ്ടി ദുബായില്‍ ആര്‍.ഡി.എക്‌സിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങ് വെച്ചിരുന്നു: നഹാസ് ഹിദായത്ത്
Entertainment news
ആ ക്രിക്കറ്റ് താരത്തിന് വേണ്ടി ദുബായില്‍ ആര്‍.ഡി.എക്‌സിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങ് വെച്ചിരുന്നു: നഹാസ് ഹിദായത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th December 2023, 3:30 pm

ഓണം റിലീസായി ബോക്‌സ് ഓഫീസ് തൂത്തുവാരിയ ചിത്രമായിരുന്നു നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി.എക്‌സ്. നീരജ് മാധവ്, ആന്റണി വര്‍ഗീസ് പെപ്പെ, ഷെയ്ന്‍ നിഗം തുടങ്ങിയ യുവ താരങ്ങള്‍ അണിനിരന്ന ചിത്രം 100 കോടി നേടിയിരുന്നു.

സഞ്ജു സാംസന്റെ കൂടെയുള്ള ഒരു ഫോട്ടോ എടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ക്ലബ്ബ് എഫ്.എമ്മിന്റെ ഡയറക്ടേഴ്‌സ് ക്ലബ്ബ്23 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നഹാസ് ഹിദായത്ത്. താന്‍ പ്രൊമോഷന് വേണ്ടി ദുബായില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണതെന്ന് നഹാസ് പറഞ്ഞു.

സഞ്ജുവിന് ആര്‍.ഡി.എക്‌സ് കാണണമെന്ന് പറഞ്ഞ് പ്രൊഡ്യൂസറിന്റെ മകന്‍ തനിക്ക് മെസേജ് അയച്ചെന്നും നഹാസ് പറയുന്നുണ്ട്. എന്നിട്ട് സഞ്ജുവിന് വേണ്ടി മാത്രം സ്‌പെഷ്യല്‍ സ്‌ക്രീനിങ് വെച്ചെന്നും നഹാസ് കൂട്ടിച്ചേര്‍ത്തു. പടത്തിന്റെ ഇന്റര്‍വെല്‍ ആയപ്പോള്‍ ഒരു ബ്രേക്ക് എടുത്തിട്ട് സിനിമയെക്കുറിച്ച് സഞ്ജു സംസാരിച്ചെന്നും നഹാസ് പറഞ്ഞു. സഞ്ജു എല്ലാത്തരം സിനിമയും കാണുന്ന ഒരാളാണെന്നും നഹാസ് പറയുന്നുണ്ട്.

‘റിലീസിനു ശേഷം പ്രമോഷന് വേണ്ടി ദുബായില്‍ പോയതാണ്. സഞ്ജു നല്ല സിനിമാ താത്പര്യമുള്ള ആളാണ്. പ്രൊഡ്യൂസറിന്റെ മോന്‍ ഇങ്ങനെ മെസ്സേജ് അയച്ചു സഞ്ജുവിന് പടം കാണാന്‍ താല്പര്യമുണ്ടെന്ന്. അങ്ങനെ അയാള്‍ക്ക് മാത്രമായിട്ട് സ്‌പെഷ്യല്‍ സ്‌ക്രീനിങ് വെച്ച് വന്ന് ഒരുമിച്ചിരുന്ന് കണ്ടു. പുള്ളിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു.

ഇന്റര്‍വെല്‍ കഴിഞ്ഞതിനു ശേഷം ഒരു ബ്രേക്ക് ഒക്കെ എടുത്തിട്ട് സിനിമയെപ്പറ്റി ഭയങ്കര സംസാരിക്കുന്നു. നമുക്ക് അറിയുന്നതിനേക്കാള്‍ കൂടുതല്‍ പുള്ളിക്ക് സിനിമയെപ്പറ്റി അറിയാം. പുള്ളി എല്ലാ സിനിമയും കാണുന്നതാണ്. ഇതൊക്കെ എങ്ങനെയാണ് ചെയ്തത്? ആക്ഷന്‍ ഒക്കെ എങ്ങനെ ചെയ്തത് എന്നൊക്കെ എന്നോട് ചോദിച്ചിരുന്നു. അയാള്‍ ട്രെയിനിങ്ങിന്റെ ഭാഗമായി ദുബായില്‍ വന്നതാണ്. അവിടെവെച്ച് കണ്ടതാണ്,’ നഹാസ് ഹിദായത്ത് പറഞ്ഞു.

ചിത്രത്തില്‍ ലാല്‍, ബാബു ആന്റണി, മാല പാര്‍വതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തത്. ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

content highlights; There was a special screening of RDX in Dubai for Sanju Samson : Nahas Hidayat