| Wednesday, 9th October 2024, 8:02 pm

മാധവിക്കുട്ടിയെ മതംമാറ്റിയ കേസില്‍ ശ്രീധരന്‍ പിള്ളയെ വക്കീലാക്കിയത് ആരാണ്, സമദാനി സിമിയുടെ നേതാവായിരുന്നെന്ന് നജീബിന് അറിയില്ലേ: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും കൊമ്പുകോര്‍ത്ത് കെ.ടി. ജലീലും മുസ്‌ലിം ലീഗ് എം.എല്‍.എമാരും. കെ.ടി. ജലീല്‍ സിമിയെയും യൂത്ത് ലീഗിനെയും ഒറ്റുകൊടുത്താണ് ഇടതുപക്ഷത്തേക്ക് വന്നതെന്നും ഇടതുപക്ഷത്തെയും അദ്ദേഹം ഒറ്റുകൊടുക്കുമെന്നും പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം പറഞ്ഞതാണ് കെ.ടി.ജലീലിനെ ചൊടിപ്പിച്ചത്.

കെ.ടി. ജലീല്‍ സിമിയിലായിരുന്നു എന്നും നജീബ് ഓര്‍മിപ്പിച്ചപ്പോള്‍ കെ.ടി. ജലീല്‍ എഴുന്നേറ്റ് നിന്ന് മറുപടി പറയുകയായിരുന്നു. താന്‍ ആരെയും ഒറ്റുകൊടുത്തിട്ടില്ലെന്നും ലീഗ് നേതാക്കള്‍ ആ പാര്‍ട്ടിയെയും സമുദായത്തെയും വിറ്റ് കാശാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ക്കുകയാണ് താന്‍ ചെയ്തതെന്നും അത് ഒറ്റാണെങ്കില്‍ ഇനിയും താന്‍ ഒറ്റുകാരനാകുമെന്നുമാണ് കെ.ടി. ജലീല്‍ പറഞ്ഞത്.

താന്‍ മാത്രമല്ല, മുസ്‌ലിം അഖിലേന്ത്യ സെക്രട്ടറിയായ അബ്ദുസ്സമദ് സമദാനിയും സിമിക്കാരനായിരുന്നു എന്ന് നജീബിന് അറിയില്ലേ എന്നും ജലീല്‍ ചോദിച്ചു. കേരളത്തിലെ പ്രമാദമായൊരു മതപരിവര്‍ത്തനക്കേസില്‍ ശ്രീധരന്‍ പിള്ളയെ വക്കീലായി നിയമിച്ചത് ആരാണെന്നും കെ.ടി. ജലീല്‍ ചോദിച്ചു. മാധവിക്കുട്ടിയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ അബ്ദുസ്സമദ് സമദാനി ശ്രീധരന്‍ പിള്ളയെ അഭിഭാഷകനായി നിയമിച്ചത് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു കെ.ടി. ജലീലിന്റെ മറുപടി.

കഴിഞ്ഞ ദിവസവും നിയമസഭയില്‍ കെ.ടി. ജലീലും മുസ്‌ലിം ലീഗ് എം.എല്‍.എമാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പി.കെ. ബഷീര്‍ ഒന്നും വായിച്ചിട്ടുണ്ടാകില്ലെന്ന ജലീലിന്റെ പരാമര്‍ശമായിരുന്നു ലീഗ് എം.എല്‍.എമാരെ ചൊടിപ്പിച്ചത്. മലപ്പുറം ജില്ലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ചരിത്രം പറയുമ്പോഴായിരുന്നു കെ.ടി. ജലീലിന്റെ പരാമര്‍ശം.

അതിനെ തുടര്‍ന്ന് പി.കെ. ബഷീര്‍ എരപ്പന്‍ എന്ന പദം ഉപയോഗിച്ച് കെ.ടി. ജലീലിനെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് വീണ്ടും കെ.ടി. ജലീലും ലീഗ് എം.എല്‍.എമാരും സഭയില്‍ കൊമ്പ് കോര്‍ത്തത്. ഇന്ന് നജീബ് കാന്തപുരം കഴിഞ്ഞ ദിവസം ജലീല്‍ വായനയെ കുറിച്ച് പറഞ്ഞ പരാമര്‍ശങ്ങള്‍ പരോക്ഷമായി പറഞ്ഞായിരുന്നു ജലീലിനെതിരെ തിരിഞ്ഞത്.

content highlights:  There was a dispute between KT jaleel  and Najeeb Kanthapuram in the assembly

We use cookies to give you the best possible experience. Learn more