ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചനകള്‍ നടന്നിരുന്നുവെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. തങ്ങള്‍ക്ക് ആ ശ്രമങ്ങളെ കുറിച്ച് അറിയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയുടെ സിംഗപ്പൂര്‍ യാത്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സിംഗപ്പൂരില്‍ തന്ത്രം മെനയുകയാണെന്നും ശിവകുമാര്‍ പറഞ്ഞു.
‘നമുക്ക് കാണാം. ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇത് അവരുടെ തന്ത്രമാണ്. ബെംഗളൂരുവില്‍ ഗൂഢാലോചന നടത്തുന്നതിന് പകരം അവര്‍ മറ്റെവിടെയെങ്കിലും (സിംഗപ്പൂര്‍) ആലോചന നടത്തുന്നുവെന്നേയുള്ളൂ,’ ശിവകുമാര്‍ പറഞ്ഞു.
ശിവകുമാറിന്റെ പരാമര്‍ശത്തെ പിന്തുണച്ച റവന്യൂ വകുപ്പ് മന്ത്രി കൃഷ്ണ ബൈരെഗൗഡ ബി.ജെ.പി ചെയ്ത എല്ലാ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നമുക്ക് മുന്നിലുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
‘അവര്‍ നിരവധി സര്‍ക്കാരുകളെ താഴെയിറക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നാം ജാഗ്രത പാലിക്കണം. ബി.ജെ.പിക്ക് നല്ലതും ചീത്തയും മനസിലാക്കാനുള്ള കഴിവില്ല. അവര്‍ ചെയ്ത എല്ലാ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നമുക്ക് മുന്നിലുണ്ട്. ഉപമുഖ്യമന്ത്രിയും അതുതന്നെയാണ് പറയുന്നത്. അദ്ദേഹത്തിന് മറ്റ് ചില വിവരങ്ങളും ലഭിച്ചിട്ടുണ്ടാകും,’ ബൈരെഗൗഡ പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളെ താഴെയിറക്കാന്‍ ബി.ജെ.പി മിടുക്കരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരില്‍ 10 ബി.ജെ.പി എം.എല്‍.എമാരെ സ്പീക്കര്‍ യു.ടി. ഖാദര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ബി.ജെ.പിയുടെയും ജെ.ഡി.എസിന്റെയും എം.എല്‍.എമാര്‍ നിയമസഭ ബഹിഷ്‌കരിച്ചിരുന്നു. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബസവരാജ് ബൊമ്മൈയുമൊത്ത് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിന്നാലെ ഞായറാഴ്ച കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോകുകയും ചെയ്തു. സന്ദര്‍ശത്തിന്റെ ലക്ഷ്യമെന്താണെന്ന് ഇതുവരെ പാര്‍ട്ടി അറിയിച്ചിട്ടില്ല. എന്നാല്‍ സിംഗപ്പൂര്‍ സന്ദര്‍ശനം കുടുംബവുമായുള്ള യാത്രയാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ കഴിഞ്ഞ ആഴ്ച വിളിച്ച് ചേര്‍ത്ത പാര്‍ട്ടി യോഗത്തില്‍ എന്‍.ഡി.എയുമായി സഖ്യം ചേരാന്‍ ആലോചനയില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ജെ.ഡി.എസ് സ്വതന്ത്രമായി പോരാടുമെന്നും എന്‍.ഡി.എയിലേക്കും ഇന്ത്യയിലേക്കും ചേരുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞു.
content highlights: There was a conspiracy to overthrow the government; Sivakumar against Kumaraswamy