| Saturday, 15th April 2023, 11:09 am

വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ദയാഹരജികള്‍ പരിഗണിക്കുന്നതില്‍ കാലതാമസം പാടില്ല; നിര്‍ദേശവുമായി സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ദയാഹരജികള്‍ പരിശോധിക്കുന്നതില്‍ കാലതാമസം വരുത്തരുതെന്ന് സംസ്ഥാനങ്ങള്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും നിര്‍ദേശം നല്‍കി സുപ്രീംകോടതി.

ദയാഹരജിയില്‍ തീര്‍പ്പ് കല്‍പിക്കുന്നതിനുണ്ടാകുന്ന കാലതാമസം വധശിക്ഷ എന്ന ലക്ഷ്യത്തെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദേശം.

ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം. ക്രമാതീതമായുണ്ടാകുന്ന കാലതാമസം വധശിക്ഷ ഒഴിവാക്കപ്പെടുന്നതിനും ശിക്ഷ ലഘൂകരിക്കപ്പെടുന്നതിനും കാരണമാകുമെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

രേണുക ചൗധരി എന്നയാളുടെ വധശിക്ഷ, ജീവപര്യന്തമായി കുറച്ചു കൊണ്ടുള്ള ബോംബൈ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. വധശിക്ഷ ഇളവ് ചെയ്തതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്.

1990നും 1996നുമിടയില്‍ 13 കുട്ടികളെ തട്ടിക്കൊണ്ട് പോവുകയും അവരില്‍ ഒമ്പത് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് 2001ല്‍ വിചാരണക്കോടതി രേണുകയ്ക്ക് വധശിക്ഷ വിധിച്ചത്. രേണുകയുടെ സഹോദരി സീമക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. 2008ല്‍ രേണുകയുടെ ദയാഹരജി മഹാരാഷ്ട്ര ഗവര്‍ണര്‍ തള്ളി. ദയാഹരജി സമര്‍പ്പിച്ച് ഏഴ് വര്‍ഷവും പത്ത് മാസവും കഴിഞ്ഞായിരുന്നു അതില്‍ ഗവര്‍ണറുടെ തീര്‍പ്പ് വന്നത്.

ഗവര്‍ണര്‍ ദയാഹരജി തള്ളിയ ശേഷം രേണുക രാഷ്ട്രപതിയെ സമീപിച്ചിരുന്നു. എന്നാല്‍ രാഷ്ട്രപതിയും ദയാഹരജിയില്‍ രേണുകക്ക് എതിരായ നിലപാടാണ് സ്വീകരിച്ചത്. ദയാഹരജികള്‍ പരിഗണിക്കുന്നതില്‍ വന്ന ഈ കാലതാമസം പരിഗണിച്ചാണ് ബോംബൈ ഹൈക്കോടതി രേണുകയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചത്.

ദയാഹരജികളില്‍ തീര്‍പ്പ് കല്‍പിക്കുന്നതില്‍ വരുന്ന ഈ കാലതാമസം പ്രതികള്‍ക്ക് ഗുണകരമാകുന്നു എന്നാണ് കോടതിയുടെ നിരീക്ഷണം. സംസ്ഥാന സര്‍ക്കാരുകളും മറ്റ് ബന്ധപ്പെട്ട അധികൃതരും കഴിയുന്നത്ര വേഗത്തില്‍ ദയാഹരജികളില്‍ തീരുമാനമെടുക്കുന്നു എന്നുറപ്പ് വരുത്താന്‍ ശ്രദ്ധിക്കണമെന്നാണ് കോടതി പറയുന്നത്.

Content Highlights: There should be no delay in considering mercy petitions ; Supreme Court

We use cookies to give you the best possible experience. Learn more