കളമശ്ശേരി: കെ.എസ്.യു ജില്ലാ സെക്രട്ടറി മിവാ ജോളിയെ പുരുഷ പൊലീസ് കോളറില്‍ പിടിച്ച് വലിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍.എ. ഉമ തോമസ്. ഈ കാക്കിയിട്ട ക്രിമിനലിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ടെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഉമ തോമസ് പറഞ്ഞു.
‘ജനാധിപത്യ മാര്‍ഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പെണ്‍കുട്ടിയെ പിണറായി പോലീസ് തെരുവില്‍ വലിച്ചിഴയ്ക്കുന്ന ചിത്രമാണിത്. ഈ കാക്കിയിട്ട ക്രിമിനലിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ട്. അഭിവാദ്യങ്ങള്‍ മിവാ ജോളി,’ ഉമ തോമസ് കുറിച്ചു.
പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കളെല്ലാം രൂക്ഷവിര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഒരു ചെറിയ പെണ്‍കുട്ടിയെ കോളറില്‍ പിടിച്ചു വലിക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ പുതിയ സ്ത്രീ സുരക്ഷ, സ്ത്രീ സമത്വത്തിന്റെ നേര്‍ ചിത്രം. സ്വന്തം മകളുടെ പ്രായമുള്ള ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാനുള്ള മാനസികാവസ്ഥയിലേക്ക് കേരള പോലീസ് കൂപ്പുകുത്തിയെന്നാണ് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഒരു പരിധി വിട്ടാല്‍ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും, കളി കോണ്‍ഗ്രസിനോട് വേണ്ട എന്നായിരുന്നു സംഭവത്തില്‍ എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രതികരണം.
ശനിയാഴ്ച മൂന്നരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ കളമശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കോടി കാണിച്ച് പ്രതിഷേധിച്ചത്. ഈ സമയം മിവ ജോളിയെ പൊലീസ് ഉദ്യോഗസ്ഥന്‍ കോളറില്‍ പിടിച്ച് വലിക്കുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് പരാതി നല്‍കി. കളമശ്ശേരി സി.ഐ.പി.ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ഒരുപറ്റം പുരുഷ പൊലീസുമാര്‍ കയറിപ്പിടിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്‌തെന്ന് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നു.
സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ക്ക് വിരുദ്ധമായാണ് പൊലീസ് പെരുമാറിയതെന്നും ഗുരുതരമായ കൃത്യവിലോപമായതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Content Highlight: There should be a protest; Uma Thomas in police violence against KSU worker