കൊച്ചി: പാര്‍ട്ടിയില്‍ സ്ത്രീകളെ രണ്ടാംകിടയായി കാണുന്നതില്‍ മാറ്റമുണ്ടാകണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് സി. പി.ഐ.എം സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരം ഒരു പരാമര്‍ശമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇത്തവണ സ്ത്രീകള്‍ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
സി.പി.ഐ.എമ്മിന്റെ 88 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 13 വനിതകള്‍ മാത്രമാണുള്ളത്. പി.കെ.ശ്രീമതി, എം.സി.ജോസഫൈന്‍, കെ.കെ.ശൈലജ, പി.സതീദേവി, പി.കെ.സൈനബ, കെ.പി.മേരി, സി.എസ്. സുജാത, ജെ.മേഴ്‌സിക്കുട്ടിയമ്മ, ടി.എന്‍.സീമ, കെ.എസ്.സലീഖ, കെ.കെ.ലതിക, ഡോ.ചിന്ത ജെറോം, സൂസന്‍ കോടി എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഇതില്‍ മൂന്ന് പേര്‍ പുതുമുഖങ്ങളാണ്. കെ.എസ്. സലീഖ, കെ.കെ. ലതിക, ചിന്ത ജെറോം എന്നിവരാണ് പുതുതായി സംസ്ഥാന സമിതിയില്‍ എത്തിയവര്‍. പി.കെ. ശ്രീമതി സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്.
പാര്‍ട്ടി തീരുമാനിച്ച 75 വയസ് പ്രായ പരിധിയില്‍ പിണറായി വിജയന് മാത്രമാണ് ഇളവ് ലഭിച്ചിട്ടുള്ളത്.
75 വയസിന് മുകളില്‍ പ്രായമുള്ള 13 പേരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജി. സുധാകരന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, പി. കരുണാകരന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ആര്‍. ഉണ്ണികൃഷ്ണ പിള്ള, കെ.പി. സഹദേവന്‍, എം.എം. മണി, കെ. ജെ. തോമസ്, സി.പി. നാരായണന്‍, പി.പി. വാസുദേവന്‍, എം ചന്ദ്രന്‍, കെ. വി. രാമകൃഷ്ണന്‍ എന്നിവരേയാണ് ഒഴിവാക്കിയത്.