| Thursday, 17th February 2022, 2:26 pm

പൊതുസ്ഥലം ഹിന്ദു സമാജ് ആണ്, അവിടെ ഹിജാബ് ധരിക്കേണ്ട; ഹിന്ദുക്കള്‍ സ്ത്രീകളെ പൂജിക്കുന്നവരാണ് അവര്‍ക്ക് മുന്നിലും ഹിജാബ് വേണ്ട: പ്രഗ്യാ സിംഗ് താക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും മാലേഗാവ് സ്‌ഫോടന കേസിലെ മുഖ്യപ്രതിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. സ്വന്തം വീടുകളില്‍ സുരക്ഷിതരല്ല എന്ന് തോന്നുന്നവര്‍ മാത്രം ഹിബാജ് ധരിച്ചാല്‍ മതിയെന്നായിരുന്നു പ്രഗ്യാ സിംഗ് പറഞ്ഞത്.

പൊതുസ്ഥലങ്ങളില്‍ വെച്ച് മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കേണ്ട ആവശ്യകതയില്ലെന്നും ഹിന്ദുക്കള്‍ സ്ത്രീകളെ പൂജിക്കുന്നവരാണെന്നും അവര്‍ പറഞ്ഞു.

‘ഒരിടത്തും നിങ്ങള്‍ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ല. സ്വന്തം വീടുകളില്‍ സുരക്ഷിതരല്ല എന്ന് തോന്നുന്നവര്‍ മാത്രം ഹിജാബ് ധരിച്ചാല്‍ മതി. നിങ്ങള്‍ക്ക് മദ്രസയില്ലേ, അവിടെ നിങ്ങള്‍ ഹിജാബ് ധരിക്കുന്നതിന് ഒന്നും തന്നെ പറയുന്നില്ലല്ലോ.

പുറത്തിങ്ങുമ്പോള്‍ അവിടം ഹിന്ദു സമാജ് ആണ്. ഇവിടെ ഹിജാബിന്റെ ആവശ്യമില്ല,’ ഭോപ്പാലില്‍ വെച്ച് നടന്ന ഒരു മതപരിപാടിയില്‍ പ്രഗ്യാ സിംഗ് പറഞ്ഞു.

”ഹിജാബ് പര്‍ദ തന്നെയാണ്. നിങ്ങളെ ദുഷിച്ച കണ്ണുകള്‍ കൊണ്ട് കാണുന്നവര്‍ക്കെതിരെയായിരിക്കണം പര്‍ദ ഉപയോഗിക്കേണ്ടത്. എന്നാല്‍ ഹിന്ദുക്കള്‍ സ്ത്രീകളെ ദുഷിച്ച കണ്ണുകള്‍ കൊണ്ട് നോക്കാന്‍ ശ്രമിക്കില്ല. കാരണം അവര്‍ സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്,’ പ്രഗ്യാ സിംഗ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ വാദം കര്‍ണാടക ഹൈക്കോടതി വിശാലബെഞ്ചിന് മുമ്പാകെ തുടരും. ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

നേരത്തെ, മതപരമായ ഒരു വസ്ത്രവും ധരിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. ഹിജാബും കാവി ഷാളും കോളേജിലേക്കോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ധരിക്കരുതെന്നാണ് കോടതി ഉത്തരവ്.

എന്നാല്‍, ദുപ്പട്ട, വളകള്‍, ടര്‍ബന്‍, കുരിശ്, ബിന്ദി തുടങ്ങി നൂറുകണക്കിന് മതചിഹ്നങ്ങള്‍ ആളുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ ആരും ചേദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ മതത്തിന്റെ പേരില്‍ ഹിജാബിനെ മാത്രമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഹരജിക്കാര്‍ക്ക് വേണ്ടി അവരുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

Content highlight: “There’s No Need To Wear Hijab In India”: BJP’s Pragya Thakur

We use cookies to give you the best possible experience. Learn more