കിരീടം സിനിമ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ മലയാളത്തില്‍ ലഭിച്ച സ്വീകാര്യത ഉണ്ടായില്ലെന്ന് സിനിമയുടെ നിര്‍മാതാക്കളായ എന്‍.ഉണ്ണിക്കൃഷ്ണനും (കിരീടം ഉണ്ണി), ദിനേഷ് പണിക്കറും. കേരള ന്യൂസ് ഇന്റര്‍നാഷണല്‍ എന്ന യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
സിനിമയുടെ ലൊക്കേഷനുകളിലൊന്നായ, ഇപ്പോഴും ആ സിനിമയുടെ പേരില്‍ അറിയപ്പെടുന്ന കിരീടം പാലത്തിലിരുന്നാണ് രണ്ട് പേരും സിനിമയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെച്ചത്. അജിത് അഭിനയിച്ച കിരീടത്തിന്റെ തമിഴ് റീമേക്ക് പൂര്‍ണപരാജയമായിരുന്നു എന്നും ഇരുവരും പറഞ്ഞു.
‘ഒരു സിനിമ ജനങ്ങള്‍ ഇത്രമാത്രം ഹൃദയത്തിലേറ്റിയെന്നതാണ് കിരീടത്തെ സംബന്ധിച്ചുള്ള ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. എത്രയോ സിനിമകള്‍ അതിന് ശേഷം എടുത്തിട്ടുണ്ടെങ്കിലും കിരീടത്തിന് ലഭിച്ച സ്വീകാര്യത ലഭിച്ചിട്ടില്ല. കിരീടത്തിന്റെ തുടര്‍ച്ചയായിരുന്നു ചെങ്കോല്‍. പക്ഷെ ചെങ്കോലിന് ലഭിച്ചതിനേക്കാള്‍ വലിയ സ്വീകാര്യത കിരീടത്തിന് ലഭിച്ചിരുന്നു. കിരീടം എന്ന സിനിമ അത്രമാത്രം ജനങ്ങളിലേക്ക് കയറിയിരുന്നു. ആ കഥാബിന്ദുവായിരുന്നു അതിന്റെ പ്രധാന കാരണം.
കിരീടം മറ്റു നിരവധി ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം കിരീടം റീമേക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ മലയാളത്തിലേതു പോലുള്ളൊരു വിജയം അവിടങ്ങളില്‍ ഉണ്ടായിട്ടില്ല. തമിഴില്‍ അജിത്തായിരുന്നു കിരീടത്തില്‍ അഭിനയിച്ചത്. അത് പൂര്‍ണ പരാജയമായിരുന്നു. അവര്‍ സബ്ജക്ടില്‍ ഒരു പാട് മാറ്റങ്ങള്‍ വരുത്തിയിരുന്നു. നമ്മുടെ ക്ലൈമാക്‌സ് അവര്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. അത് കൊണ്ടാണ് മാറ്റങ്ങള്‍ വരുത്തിയത്.
മലയാളം കിരീടത്തില്‍ മോഹന്‍ലാലിന്റെ സേതുമാധവന്‍ എന്ന കഥാപാത്രം അവസാനം എല്ലാം തകര്‍ന്നവനാണ്. ജീവിതം നഷ്ടപ്പെട്ടുപോകുന്നവനാണ്. അത് മോഹന്‍ലാലിന്റെ കരിയറില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ചര്‍ച്ചകളൊക്കെ അന്നുണ്ടായിരുന്നു. അതിനെയെല്ലാം ഓവര്‍കം ചെയ്താണ് സിനിമ പൂര്‍ത്തിയാക്കിയത്. അത് പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു. ആ ക്ലൈമാക്‌സിന് മലയാളത്തില്‍ ലഭിച്ചതുപോലുള്ള സ്വീകാര്യത മറ്റു ഭാഷകളിലുണ്ടായിട്ടില്ല.
സേതുമാധവന്‍ അതിമാനുഷ്യനായി എല്ലാവരെയും ഇടിച്ചിടുന്ന ഒരു കഥാപാത്രമായിരുന്നില്ല. അങ്ങനെയുള്ള സേതുമാധവനെ ആയിരുന്നില്ല നമുക്ക് വേണ്ടത്. സേതുമാധവന്‍ ഒരു സാധാരണ മനുഷ്യനാണ്. അത് നമ്മുടെ നാടിന്റെ പശ്ചാതലത്തില്‍ പറഞ്ഞപ്പോഴാണ് ആളുകള്‍ക്ക് ഇഷ്ടമായത്. മറ്റുള്ള ഭാഷകളില്‍ അവിടുത്തെ പശ്ചാത്തലത്തില്‍ ആ കഥാപാത്രത്തിന് വേണ്ടി മാറ്റങ്ങള്‍ വരുത്തിയാണ് സിനിമ ചെയ്തത്. അതായിരുന്നു പ്രധാന വ്യത്യാസവും,’ ഇരുവരും പറഞ്ഞു.
content highlights: There’s a reason kireedam remakes aren’t successful: the producers