ആവശ്യം വന്നാല്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണമെന്ന് ഗവര്‍ണര്‍ കെ.എന്‍ ത്രിപാഠി
India
ആവശ്യം വന്നാല്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണമെന്ന് ഗവര്‍ണര്‍ കെ.എന്‍ ത്രിപാഠി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th June 2019, 7:28 pm

ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കേണ്ടി വന്നേക്കാമെന്ന് ഗവര്‍ണര്‍ കെ.എന്‍.ത്രിപാഠി. ബംഗാളിലെ ആക്രമ സംഭവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ത്രിപാഠി ഇന്ന് പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കണ്ടിരുന്നു. ഇരുവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തുന്നത്.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടു വരേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, ‘ഉണ്ടാവാം. ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അത് തീര്‍ച്ചയായും പരിഗണിച്ചേക്കും’ എന്നായിരുന്നു ത്രിപാഠിയുടെ മറുപടി. എന്നാല്‍ ഇന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ രാഷ്ട്രപതി ഭരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടത് ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് പാര്‍ട്ടി അവകാശപ്പെടുമ്പോള്‍, തങ്ങളുടെ ആറോളം പ്രവര്‍ത്തരെ കാണാനില്ലെന്ന് തൃണമൂലും പറഞ്ഞിരുന്നു. ആക്രമണ സംഭവങ്ങള്‍ക്ക് ഇരു പാര്‍ട്ടികളും പരസ്പരം പഴിചാരുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്.

ഇതിന് പിന്നാലെ സംസ്ഥാനത്തെ ബി.ജെ.പി നേതാവ് മുകുള്‍ റോയ് സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുവെന്ന് കാണിച്ച് ആ്ഭ്യന്തര മന്ത്രാലയത്തിന് കത്തിയിച്ചിരുന്നു. ഇതിന് പ്രതികരണമെന്നോണം ആക്രമണങ്ങള്‍ തടയുന്നതില്‍ തൃണമൂല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മമത സര്‍ക്കാറിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളിലെ അനാവശ്യമായി ഇടപെടലാണെന്ന് ബംഗാള്‍ മന്ത്രി ജ്യോതി പ്രിയ മല്ലിക് കുറ്റപ്പെടുത്തിയിരുന്നു.

‘സംസ്ഥാനത്തെ ക്രമസമാധാനം ഭരണഘടന നിഷ്‌കര്‍ഷിച്ച പ്രകാരമാണ്, കേന്ദ്രത്തിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ അവകാശമില്ല. കേന്ദ്ര മന്ത്രി ബി.ജെ.പിയുടെ ആഭ്യന്തരമന്ത്രി അല്ലെന്നും, രാജ്യത്തിന്റെതാണെന്നും ഓര്‍ത്താല്‍ നന്ന്’- എന്നായിരുന്നു മല്ലിക് പറഞ്ഞത്.