| Monday, 4th February 2019, 1:51 pm

കേന്ദ്രത്തിന് നടപടിയെടുക്കാനുള്ള അധികാരമുണ്ട്; ബംഗാള്‍ സംഭവങ്ങളെ ന്യായീകരിച്ച് ലോക്‌സഭയില്‍ രാജ്‌നാഥ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പശ്ചിമബംഗാളില്‍ ഭരണഘടന തകര്‍ന്നിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിന് പ്രവര്‍ത്തിക്കാനുള്ള അധികാരമുണ്ടെന്നു പറഞ്ഞ് പശ്ചിമബംഗാളിലെ സംഭവ വികാസങ്ങളെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. ഒരു അന്വേഷണ ഏജന്‍സിയുടെ കര്‍ത്തവ്യത്തെ തടസപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇത് മുമ്പെങ്ങുമില്ലാത്ത ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് എവിടെ അസ്വാഭാവികമായ നടപടിയുണ്ടായാലും സാധാരണ നിലയിലേക്ക് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാറിന് അധികാരമുണ്ട്. കൊല്‍ക്കത്തയിലെ സംഭവങ്ങള്‍ രാജ്യത്തിന്റെ ഫെഡറല്‍ സമ്പ്രദായത്തിനു ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശാരദ ചിട്ടി ഫണ്ട് കേസില്‍ അന്വേഷണത്തിന് സുപ്രീം കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. അതിന്റെ ഭാഗമായുളള നടപടികളാണ് നടന്നത്. പൊലീസ് കമ്മീഷണറോട് ഹാജരാവാന്‍ പലതവണ നിര്‍ദേശിച്ചിട്ടും അദ്ദേഹം ഹാജരായില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

അതിനിടെ, സംഭവത്തില്‍ രാജ്‌നാഥ് സിങ് പശ്ചിമബംഗാള്‍ ഗവര്‍ണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയേയും പൊലീസ് മേധാവിയേയും വിളിപ്പിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, സി.ബി.ഐ നടപടിയ്‌ക്കെതിരെ ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ആരംഭിച്ച സത്യഗ്രഹം മമത ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ചാണ് മമതയുടെ സമരം.

മമതയോടൊപ്പം നിരവധി മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും മെട്രോ ചാനലിലെ സമരപന്തലിലുണ്ട്. മോദിക്കെതിരെ ധര്‍ണ്ണ നടത്തുന്ന മമത ബാനര്‍ജിയ്ക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുമുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തതിന് പിന്നാലെ എച്ച്.ഡി ദേവഗൗഡ, മായാവതി, എം.കെ സ്റ്റാലിന്‍, അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്രിവാള്‍, ശരദ് പവാര്‍, ലാലുപ്രസാദ് യാദവ്, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, യശ്വന്ത് സിന്‍ഹ, തേജസ്വി യാദവ്, ഹേമന്ദ് സോറണ്‍, ഹര്‍ദിക് പട്ടേല്‍, അഭിഷേക് മനു സിങ്‌വി, ശരദ് യാദവ്, ജിഗ്നേഷ് മേവാനി തുടങ്ങിയവര്‍ മമതാ ബാനര്‍ജിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Also read:നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞതിനൊന്നും ഒരു തെളിവുമില്ല; തെളിവുണ്ടെങ്കില്‍ ഹാജരാക്കൂ; മമത സര്‍ക്കാര്‍ തെളിവു നശിപ്പിച്ചെന്ന ആരോപണത്തില്‍ സുപ്രീം കോടതി

ചിട്ടിതട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ. സംഘത്തെ ഞായറാഴ്ച രാത്രി ബംഗാള്‍ പോലീസ് തടഞ്ഞതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള കമ്മീഷണറുടെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

2013 ലെ ബംഗാളിലെ റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു. 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐയുടെ ആരോപണം.

We use cookies to give you the best possible experience. Learn more