അദാനിയെ സംബന്ധിച്ച ചോദ്യങ്ങളിലെ മോദിയുടെ പേടിയില്‍ എന്തോ കുഴപ്പമുണ്ട്; മല്ലികാര്‍ജുന്‍ ഖാര്‍ഗെ
national news
അദാനിയെ സംബന്ധിച്ച ചോദ്യങ്ങളിലെ മോദിയുടെ പേടിയില്‍ എന്തോ കുഴപ്പമുണ്ട്; മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th March 2023, 1:03 pm

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി അദാനിയെ സംബന്ധിച്ച് ഉന്നയിച്ച ചോദ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

അദാനിയുടെ മേലുള്ള ജെ.പി.സിയെ എന്തിനാണ് മോദി ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘നിങ്ങള്‍ എന്തിനാണ് അദാനിയുടെ മേലെയുളള ജെ.പി.സിയെ ഭയക്കുന്നത്? നിങ്ങള്‍ക്കല്ലേ പാര്‍ലമെന്റിലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളത്. എന്നിട്ടും നിങ്ങള്‍ ഭയപ്പെടുന്നുണ്ടെങ്കില്‍ അതില്‍ എന്തോ കുഴപ്പമുണ്ട്,’ അദ്ദേഹം വിജയ് ചൗകില്‍ വെച്ച് നടന്ന പ്രതിഷേധത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് ജനാധിപത്യത്തിലെ കറുത്ത നിറമാണെന്നും ഇതിന് മുമ്പ് ഇത്തരം ഒരു സംഭവമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അദാനിക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയെ വേട്ടയാടല്‍ ആരംഭിച്ചത്. ഭാരത് ജോഡോ യാത്രക്ക് ലഭിച്ച ജനപിന്തുണ കേന്ദ്ര സര്‍ക്കാറിനെ ഭയപ്പെടുത്തിയിട്ടുണ്ട്,’ ഖാര്‍ഗെ പറഞ്ഞു.

പ്രതിഷേധത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളോടും അദ്ദേഹം നന്ദി പറഞ്ഞു.

അതേസമയം തിങ്കളാഴ്ച കോണ്‍ഗ്രസ്, പാര്‍ലമെന്ററി ഓഫീസില്‍ എം.പിമാരുടെ യോഗം ചേര്‍ന്നിരുന്നു. 17 പ്രതിപക്ഷ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസും യോഗത്തില്‍ പങ്കെടുത്തു.

ഡി.എം.കെ, സമാജ് വാദി പാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ്, ആര്‍.എസ്.പി, ആം ആദ്മി പാര്‍ട്ടി, സി.പി.ഐ.എം, സി.പി.ഐ, ആര്‍.ജെ.ഡി, എന്‍.സി.പി, ഐ.യു.എം.എല്‍, എം.ഡി.എം.കെ, കേരള കോണ്‍ഗ്രസ്, ശിവസേന യു.ബി.ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.

കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഖാര്‍ഗെ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റിലേക്ക് എത്തിച്ചേര്‍ന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് സമ്മേളനത്തിന് കറുത്ത വസ്ത്രം ധരിച്ച് എത്തണമെന്ന് കോണ്‍ഗ്രസ് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു.

content highlight: There is something wrong with Modi’s fear of Adani questions; Mallikarjun Kharge