ലോകകപ്പ് ഫുട്ബോൾ ഖത്തറിന്റെ മണ്ണിൽ അവസാനിച്ചപ്പോൾ ലോക കിരീടത്തിൽ മുത്തമിട്ട് തന്റെ കരിയർ സമ്പൂർണമാക്കിയിരിക്കുകയാണ് സാക്ഷാൽ ലയണൽ മെസി.
ലോകകിരീടം കൂടി നേടിയതോടെ പ്രധാനപ്പെട്ട എല്ലാ ക്ലബ്ബ്, രാജ്യാന്തര ടൈറ്റിലുകളും മെസി സ്വന്തം പേരിലാക്കിയിട്ടുണ്ട്. കൂടാതെ 2023ലെ ബാലൻ ഡി ഓർ പുരസ്കാരത്തിനും മെസി അർഹനായെക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അങ്ങനെയെങ്കിൽ ഇപ്പോൾ തന്നെ ഏഴ് ബാലൻ ഡി ഓർ പുരസ്കാരങ്ങൾ സ്വന്തമായുള്ള മെസിക്ക് തന്റെ കരിയറിലെ എട്ടാം ബാലൻ ഡി ഓർ പുരസ്കാരം നേടാൻ അവസരമൊരുങ്ങും.
എന്നാലിപ്പോൾ മെസിയെ തടയാൻ കോച്ച് പറഞ്ഞ വിചിത്ര നിർദേശത്തെക്കുറിച്ച് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് ന്യൂ കാസിൽ യുണൈറ്റഡിന്റെ പ്രതിരോധനിര താരം കൈറൻ ട്രിപ്പർ.
താരം സ്പാനിഷ് ക്ലബ്ബായ അത് ലറ്റിക്കോ മാഡ്രിഡിൽ കളിച്ചിരുന്നപ്പോൾ പരിശീലകനായിരുന്ന ഡീഗോ സിമണാണ് മെസിയെ തടയാനുള്ള വിചിത്ര മാർഗം കളിക്കാരോട് പങ്കുവെച്ചത്.
മെസിക്കെതിരെ കളിയുള്ളപ്പോൾ നന്നായി പ്രാർത്ഥിക്കണമെന്നും അങ്ങനെ മാത്രമേ മെസിയെ തടയാൻ സാധിക്കൂ എന്നുമാണ് സിമൺ തങ്ങളോട് പറഞ്ഞിരുന്നതെന്നാണ് ട്രിപ്പർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഗോളിന് നൽകിയ അഭിമുഖത്തിലാണ് ട്രിപ്പർ സിമണിന്റെ നിർദേശത്തെക്കുറിച്ച് പറഞ്ഞത്.
“മെസിക്ക് എതിരെ കളിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അർജന്റീനക്കാരനായ എന്റെ മുൻ കോച്ച് സിമൺ പറഞ്ഞിരുന്നത് മെസിക്കെതിരെ ഒന്നും കരുതിക്കൂട്ടി ചെയ്യാനാവില്ല, പ്രാർത്ഥിക്കുക മാത്രമേ വഴിയുള്ളൂ എന്നായിരുന്നു. കാരണം മെസിയെ തടയാൻ ദൈവത്തിനെ കഴിയൂ,’ ട്രിപ്പർ പറഞ്ഞു.
ഇംഗ്ലീഷ് താരമായ ട്രിപ്പർ 2022 ജനുവരിയിലാണ് അത് ലറ്റിക്കോയിൽ നിന്നും ന്യൂ കാസിൽ യുണൈറ്റഡിൽ എത്തുന്നത്.
ലാ ലിഗയിൽ മെസിയെ അഞ്ച് തവണ ട്രിപ്പർ നേരിട്ടിട്ടുണ്ട്. അതിൽ രണ്ട് മത്സരം വിജയിക്കാൻ ട്രിപ്പർക്കും സംഘത്തിനുമായപ്പോൾ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടു.ഒരു കളി സമനിലയിൽ അവസാനിച്ചു.
അതേസമയം ജനുവരി 15ന് ഫുൾഹാമിനെതിരെയാണ് ന്യൂ കാസിൽ യുണൈറ്റഡിന്റെ അടുത്ത മത്സരം. മെസി പി.എസ്.ജിയിലെക്ക് ലോകകപ്പ് വിജയാഹ്ലാദത്തിന് ശേഷം മടങ്ങിയെത്തിയിട്ടുണ്ട്. റേഞ്ചേഴ്സുമായുള്ള മത്സരത്തിൽ മെസി കളിക്കും എന്ന് റിപ്പോർട്ടുകളുണ്ട്.
Content Highlights:There is only one way to stop Messi, pray well;diego simeone advises the players