ഈ പുതിയ ഇന്ത്യയില്‍ ഒരൊറ്റ എന്‍.ജി.ഒയ്ക്കു മാത്രമേ ഇടമുള്ളൂ, അത് ആര്‍.എസ്.എസ് ആണ്: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ രാഹുല്‍
national news
ഈ പുതിയ ഇന്ത്യയില്‍ ഒരൊറ്റ എന്‍.ജി.ഒയ്ക്കു മാത്രമേ ഇടമുള്ളൂ, അത് ആര്‍.എസ്.എസ് ആണ്: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th August 2018, 11:18 pm

ന്യൂദല്‍ഹി: “പുതിയ ഇന്ത്യ”യില്‍ ഒരു എന്‍.ജി.ഒയ്ക്കു മാത്രമേ ഇടമുള്ളൂവെന്നും അത് ആര്‍.എസ്.എസാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യവ്യാപകമായി നടന്ന സാമൂഹിക പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ത്യയില്‍ ഒരു എന്‍.ജി.ഒ മാത്രമേയുള്ളൂ, അത് ആര്‍.എസ്.എസാണ്. മറ്റെല്ലാ എന്‍.ജി.ഒകളും അടച്ചുപൂട്ടട്ടെ. എല്ലാ ആക്ടിവിസ്റ്റുകളെയും ജയിലിലടയ്ക്കട്ടെ. എതിരായി ശബ്ദമുയര്‍ത്തുന്ന എല്ലാവരെയും വെടിവച്ചുകൊല്ലട്ടെ. പുതിയ ഇന്ത്യയിലേക്കു സ്വാഗതം.” രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തേ, കോണ്‍ഗ്രസ് വക്താവായ ജയ്പാല്‍ റെഡ്ഡിയും അറസ്റ്റുകളെ അപലപിച്ച് സംസാരിച്ചിരുന്നു. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനും കേസില്ലാതെ അറസ്റ്റു ചെയ്യപ്പെടരുതെന്നായിരുന്നു റെഡ്ഡിയുടെ പ്രതികരണം. “അടിസ്ഥാനരഹിതമായ എല്ലാ അറസ്റ്റുകളെയും ഞാന്‍ അപലപിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറസ്റ്റു ചെയ്യപ്പെടാന്‍ പാടില്ല. കേസില്ലാതെ ഒരിന്ത്യക്കാരനും അറസ്റ്റു ചെയ്യപ്പെടാന്‍ പാടില്ല.” അദ്ദേഹം പറയുന്നു.

 

Also Read: ഇവരാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

 

രാജ്യത്തൊട്ടാകെ ഒന്‍പതു സാമൂഹിക പ്രവര്‍ത്തകരുടെ വീടുകളിലാണ് പൂനെ പൊലീസ് റെയ്ഡ് നടത്തിയത്. വരാവര റാവു, അഭിഭാഷക സുധാ ഭരദ്വാജ്, ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെറാറിയ, ഗൗതം നവ്ലാഖ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവരെയാണ് അറസ്റ്റു ചെയ്തിട്ടുള്ളത്. 2017ല്‍ നടന്ന ഭീമ-കോര്‍ഗാവ് അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റുകളെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

സുധീര്‍ ധവാലെ, സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റൗട്ട്, റോണ വില്‍സണ്‍, ഷോമ സെന്‍ എന്നീ അഞ്ചു പേരെ ഇതേ കേസില്‍ ജൂണില്‍ അറസ്റ്റു ചെയ്തിരുന്നു. ഭീമ കോര്‍ഗാവ് ഗ്രാമത്തില്‍ വച്ച് ഇവര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ചാണ് ഇപ്പോള്‍ റെയ്ഡുകള്‍ നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.