ഖത്തറിന്റെ മണ്ണിൽ ലോകകപ്പ് സ്വന്തമാക്കിയതോടെ സാക്ഷാൽ മറഡോണക്ക് ശേഷം അർജന്റീനയുടെ മണ്ണിലേക്ക് ഫുട്ബോൾ ലോകകപ്പ് എത്തിച്ചതാരം എന്ന നേട്ടം മെസി സ്വന്തമാക്കിയിരിക്കുകയാണ്.
36 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മെസിയിലൂടെ അർജന്റീനയുടെ മണ്ണിലേക്ക് അവരുടെ മൂന്നാം ലോകകപ്പ് കിരീടം എത്തുന്നത്.
എന്നാലിപ്പോൾ മെസിയും മറഡോണയും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ലെന്നും ഇരു താരങ്ങളും തമ്മിൽ ചെറിയ വ്യത്യാസങ്ങൾ മാത്രമേയുള്ളുവെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ബാഴ്സലോണ താരമായ ബെർണ്ട് സ്വിറ്റ്സർ.
സൂപ്പർ ഡെപ്പോർ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
“ഇപ്പോൾ കൂടുതൽ മികവോടെ കളിക്കുന്ന മെസിയെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ ഫുട്ബോൾ കൊണ്ട് ഏവരുടെയും മനം കവരുന്ന മെസിയിൽ നിന്നും അദ്ദേഹം ഏറെ വളർന്ന് കഴിഞ്ഞു. ഇപ്പോൾ അദ്ദേഹം വളരെ പക്വതയുള്ള ഒരു ഇതിഹാസ താരമാണ്,’ ബെർണ്ട് സ്വിറ്റ്സർ പറഞ്ഞു.
“മെസിയും റൊണാൾഡോയും തമ്മിൽ വലിയ വ്യത്യാസമൊന്നും എനിക്ക് കാണാൻ സാധിക്കുന്നില്ല. ഡീഗോ അദ്ദേഹത്തിന്റെ ഉള്ളിലുള്ളത് കൂടുതൽ പുറത്ത് പ്രകടിപ്പിക്കുന്ന താരമാണ്.
പക്ഷെ മെസി അങ്ങനെയല്ല. ഇതാണ് ഇരു താരങ്ങളും തമ്മിലുള്ള ഒരേയൊരു വ്യത്യാസം. മറഡോണ എന്റെ രാജ്യത്തിന് വേണ്ടിയും, എന്റെ ജനങ്ങൾക്ക് വേണ്ടിയും ഞാൻ മരിക്കുമെന്ന് പരസ്യമായി പറഞ്ഞാൽ മെസി അത് അദ്ദേഹത്തിന്റെ ഉള്ളിലാവും പറയുക,’ സ്വിറ്റ്സർ കൂട്ടിച്ചേർത്തു.