national news
ഗണപതി പൂജയ്ക്ക് നരേന്ദ്രമോദി എന്റെ വസതി സന്ദര്‍ശിച്ചതില്‍ തെറ്റൊന്നുമില്ല: ഡി.വൈ. ചന്ദ്രചൂഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 05, 10:37 am
Tuesday, 5th November 2024, 4:07 pm

ന്യൂദല്‍ഹി: ഗണപതി പൂജക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതി സന്ദര്‍ശിച്ചതില്‍ യാതൊരു തെറ്റുമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഗണപതി പൂജയ്ക്ക് ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ നരേന്ദ്രമോദി സന്ദര്‍ശിച്ചതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളില്‍ പ്രതികരിക്കവേയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

പ്രധാനമന്ത്രി തന്റെ വസതി സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്നും ഇക്കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ പക്വതയുടെ ആവശ്യകതയുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവേ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

‘പ്രധാനമന്ത്രി ഗണപതി പൂജയ്ക്കായി എന്റെ വസതിയിലെത്തി. സാമൂഹിക തലത്തില്‍ പോലും ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ തുടരുന്നതിന് തെറ്റൊന്നുമില്ല, ‘ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മില്‍ ഭരണപരായ സംവാദങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കിലും ജുഡീഷ്യല്‍ പക്ഷവുമായി യാതൊരു ബന്ധവും ഉണ്ടാവുന്നില്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു.

ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള സംവാദം ശക്തമായ ഇന്‌സ്റ്റിറ്റിയൂഷണല്‍ മെക്കാനിസത്തിന്റെ ഭാഗമായി നടക്കുന്നതാണെന്നും അധികാര വിഭജനമൊന്നും ഇവിടെ നടക്കുന്നില്ലെന്നും സി.ജെ ഡി.വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും എതിരാളികളല്ലെന്നും അധികാരവിഭജനം എന്ന സാധുത രണ്ട് ഇന്‍സ്റ്റിറ്റൂഷനുകളും തമ്മിലില്ലെന്നും പറഞ്ഞ ചീഫ് ജസ്റ്റിസ് ഇത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് അതിന്റേതായ പ്രോട്ടോക്കോള്‍ ഉണ്ടെന്നും പറഞ്ഞു.

പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളിലെല്ലാം ബജറ്റിംഗ്, അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതിക വിദ്യ തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള ഔചിത്യത്തെയും അധികാര വിഭജനത്തെ കുറിച്ചും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്തിരുന്നു.

അതേസമയം പ്രധാനമന്ത്രിയെയും ചീഫ് ജസ്റ്റിസിനെയും ഉള്‍പ്പെടുത്തി നടത്തുന്ന വിമര്‍ശനങ്ങള്‍ അനാവശ്യമാണെന്നും തള്ളിക്കളയേണ്ടതാണെന്നുമായിരുന്നു ബി.ജെ.പി പറഞ്ഞിരുന്നത്.

Content Highlight: There is nothing wrong with Narendra Modi visiting his residence for Ganapati Puja: D.Y. Chandrachud