| Friday, 18th February 2022, 8:39 am

മൂത്രമൊഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുക എന്നതിനേക്കാള്‍ ഭീകരമായ ഒന്ന് വേറെയില്ല: ശ്രിന്ദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോമഡി കഥാപാത്രങ്ങളിലൂടെയും കുറച്ച് സീരിയസ് റോളുകളിലൂടെയും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരമാണ് ശ്രിന്ദ. സിനിമയിലെത്തി കുറച്ച് വര്‍ഷങ്ങള്‍ ആയിട്ടുള്ളൂവെങ്കിലും സിനിമാ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ താരത്തിനായിട്ടുണ്ട്.

ശ്രിന്ദയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫ്രീഡം ഫൈറ്റ്. സോണി ലിവിലൂടെ റിലീസ് ചെയ്ത ആന്തോളജി ചിത്രത്തില്‍ അഞ്ച് കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതില്‍ അസംഘടിതര്‍ എന്ന സിനിമ ചര്‍ച്ച ചെയ്യുന്നത് യഥാര്‍ത്ഥ സംഭവത്തെക്കുറിച്ചാണെന്നതും ശ്രദ്ധേയമാണ്. ശ്രിന്ദയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. കുഞ്ഞില മാസിലാമണിയാണ് അസംഘിടതര്‍ എന്ന സിനിമയൊരുക്കിയിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്രിന്ദ. വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

കുഞ്ഞില തന്നോട് കഥ പറഞ്ഞപ്പോള്‍ തന്നെ ഈ സിനിമ ചെയ്യണം എന്നുതന്നെയായിരുന്നു തോന്നിയതെന്ന് ശ്രിന്ദ പറഞ്ഞു.

‘കുഞ്ഞില തിരക്കഥ നേരത്തെ അയച്ചുതന്നിരുന്നു. ശരിക്ക് നടന്ന സംഭവമാണ് തിരക്കഥയാക്കിയത്. കാലിക പ്രസക്തിയുള്ള വിഷയമാണ്. അങ്ങനെയുള്ള ഒരു വിഷയം സംസാരിക്കുന്ന സിനിമയാവുമ്പോള്‍ തീര്‍ച്ചയായും അതിന്റെ ഭാഗമാവണമെന്ന് തോന്നി,’ ശ്രിന്ദ കൂട്ടിച്ചേര്‍ത്തു.

യഥാര്‍ത്ഥ ജീവിതത്തില്‍ അസംഘടിതരുടെ സമരം നയിച്ച വിജി പെണ്‍കൂട്ടും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സമരനായികയായി തന്നെയാണ് വിജി സിനിമയിലെത്തിയിരിക്കുന്നത്. വിജിയെ കുറിച്ചും ശ്രിന്ദ സംസാരിക്കുന്നു.

‘വിജി ചേച്ചി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. യഥാര്‍ത്ഥ സംഭവത്തേക്കുറിച്ച് കൂടുതലറിയാനായി വിജി ചേച്ചി ആ സമയത്ത് അവര്‍ നേരിട്ടിരുന്ന വെല്ലുവിളികളും മറ്റും ഷൂട്ടിങ് സമയത്ത് പങ്കുവെയ്ക്കുമായിരുന്നു. വെറുതേയിരിക്കുമ്പോള്‍ പഴയ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യും. ചില രംഗങ്ങളെടുക്കുമ്പോള്‍ ചേച്ചിയും നന്നായി വിശദീകരിച്ച് തരുമായിരുന്നു. വിജി ചേച്ചി അവരായിത്തന്നെയാണ് അഭിനയിച്ചത് എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു,’ ശ്രിന്ദ പറയുന്നു.

തുണിക്കടയിലും മറ്റും ജോലി ചെയ്യുന്ന അസംഘടിതരായ തൊഴിലാളികള്‍ മൂത്രപ്പുരയ്ക്ക് വേണ്ടി നടത്തിയ സമരത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭക്ഷണവും വെള്ളവുമെല്ലാം മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളാണ്. മൂത്രമൊഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുക എന്നതിനേക്കാള്‍ ഭീകരമായ ഒന്ന് വേറെയില്ലെന്നാണ് ശ്രിന്ദയും അഭിപ്രായപ്പെടുന്നത്.

പ്രാഥമികമായ ആവശ്യങ്ങള്‍ ഉപേക്ഷിക്കുക എന്ന് പറഞ്ഞാല്‍ തന്നെ കൊടും ഭീകരതയാണെന്ന് ശ്രിന്ദ പറഞ്ഞു.

‘ഈ സിനിമ ഇത്രയും മനോഹരമായി ചെയ്യാന്‍ കഴിയുക എന്ന് പറയുന്നത് കുഞ്ഞിലയ്ക്ക് ആ വിഷയത്തോടുള്ള സമീപനമാണ് കാണിച്ച് തരുന്നത്. എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്. യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെട്ട ആളുകളാണ് ഈ സിനിമയ്ക്കുവേണ്ടി നിന്നിട്ടുള്ളത്. അതെല്ലാം ഈ സിനിമയ്ക്ക് സഹായകമായിട്ടുണ്ട്,’ ശ്രിന്ദ കൂട്ടിച്ചേര്‍ത്തു.

സംവിധായകരില്‍ സ്ത്രീ, പുരുഷന്‍ എന്നൊന്നില്ല. ഒരു നല്ല ഡയറക്ടര്‍ അവരുടെ കാഴ്ചപ്പാട് എങ്ങനെ ആവിഷ്‌കരിക്കുന്നു, നമ്മളെ എങ്ങനെ വിശ്വസിപ്പിക്കുന്നു എന്നതെല്ലാം ഓരോ ഘടകങ്ങളാണ്. അങ്ങനെ നോക്കിയാല്‍ കുഞ്ഞില നല്ല സംവിധായികയാണെന്നും ശ്രിന്ദ പറഞ്ഞു.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭീഷ്മ പര്‍വം ആണ് ശ്രിന്ദയുടെ വരാനിരിക്കുന്ന സിനിമ. മാര്‍ച്ച് മൂന്നിനാണ് സിനിമയുടെ റിലീസ്.


Content Highlight: There is nothing more terrible than not drinking water to stop urinating: Srinda

We use cookies to give you the best possible experience. Learn more