| Thursday, 21st March 2024, 1:11 pm

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവിടാന്‍ പോലും പണമില്ല; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവത്തില്‍ കേന്ദ്രത്തിനെതിരെ കോൺ​ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിയില്‍ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്ത് ക്രിമിനല്‍ നടപടിയാണ് നടത്തുന്നതെന്ന് രാഹുല്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചെലവിടാന്‍ പോലും പാര്‍ട്ടിയുടെ കയ്യില്‍ പണമില്ലെന്നും രാഹുല്‍ ആരോപിച്ചു. ‘ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാനാണ്. രാജ്യത്തിന്റെ ജനാധിപത്യം മരവിച്ചെന്നാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച കേന്ദ്ര നടപടി വ്യക്തമാക്കുന്നത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. പരസ്യങ്ങള്‍ ബുക്ക് ചെയ്യാനോ നേതാക്കന്‍മാരെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അയക്കാനോ പണമില്ല. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ കോടതിയോ തെരഞ്ഞെടുപ്പ് കമ്മീഷനോ തയ്യാറാകുന്നില്ല, രാഹുല്‍ പറഞ്ഞു.

ആദായനികുതി വകുപ്പിനെ ഉപയോ​ഗിച്ച് കോൺ​ഗ്രസിനെ തകർക്കാനുള്ള ശ്രമമാണ് കോന്ദ്ര സർക്കാർ നടത്തുന്നതെന്ന് സോണിയ ​ഗാന്ധിയും പ്രതികരിച്ചു.

അതിനിടെ കോണ്‍ഗ്രസിന് 520 കോടിയുടെ നികുതി കുടിശ്ശിക ഉണ്ടെന്ന് കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് ദല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

ഇതില്‍ വാദം കേള്‍ക്കുന്നതിനിടെ ആണ് ആദായനികുതി വകുപ്പിന്റെ പ്രതികരണം. 2014 മുതല്‍ 2017 വരെയുള്ള നികുതി കുടിശ്ശിക കൂട്ടിയാണ് ഇതെന്ന് ആദായനികുതി വകുപ്പിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സോഹേബ് ഹുസൈന്‍ കോടതിയെ അറിയിച്ചു.

Content Highlight: There is not even money to spend on election campaign; Rahul Gandhi against the center government

We use cookies to give you the best possible experience. Learn more