| Sunday, 8th December 2019, 3:09 pm

ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞുതന്നെ; കോര്‍കമ്മിറ്റി യോഗവും സമവായമാകാതെ പിരിഞ്ഞു; യോഗത്തില്‍ ഉയര്‍ന്നത് മൂന്നു പേരുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോര്‍ കമ്മിറ്റി യോഗത്തിലും ബി.ജെ.പി സംസ്ഥാനാധ്യക്ഷ സ്ഥാനത്തേക്ക് ആരെത്തുമെന്നതില്‍ തീരുമാനമായില്ല. സമവായമാകാതെ യോഗം പിരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 15-നകം അധ്യക്ഷസ്ഥാനത്തേക്ക് ഒരാളെ കണ്ടെത്തണമെന്നു നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

കെ. സുരേന്ദ്രന്‍, എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ മൂന്നു പേരുകളിലും ഗ്രൂപ്പുകള്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നതോടെയാണ് യോഗം സമവായമാകാതെ പിരിഞ്ഞത്.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വരുംദിവസങ്ങളില്‍ കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്തെ മുതിര്‍ന്ന എല്ലാ നേതാക്കളെയും വിളിച്ചുകൂട്ടിയുള്ള ആലോചനകള്‍ക്കു പകരം ആദ്യം കോര്‍ കമ്മിറ്റിയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാനായിരുന്നു നേതൃത്വം തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോള്‍ അതും വിജയകരമായില്ല.

കേരളാ ഘടകത്തിലെ ഗ്രൂപ്പുപോര് ഒഴിവാക്കി സമവയാത്തിലൂടെ പാര്‍ട്ടിയെ നയിക്കാന്‍ ആളെ കണ്ടെത്തുകയെന്ന വെല്ലുവിളിയിപ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ തലയിലായിരിക്കുകയാണ് എന്നതാണു വാസ്തവം.

കേന്ദ്രമന്ത്രി വി. മുരളീധരനും മുന്‍ പ്രസിഡന്റ് പി.കെ കൃഷ്ണദാസും നയിക്കുന്ന ഗ്രൂപ്പുകളാണ് ഇതു നീട്ടിക്കൊണ്ടുപോകുന്നത്. മുരളീധര പക്ഷമാണ് സുരേന്ദ്രനു വേണ്ടി വാദിക്കുന്നത്. അതേസമയം കൃഷ്ണദാസ് പക്ഷം രമേശിന്റെ പേരാണു പ്രധാനമായും ഉന്നയിക്കുന്നത്. അതല്ലെങ്കില്‍ ശോഭാ സുരേന്ദ്രന്‍ എന്ന നിലപാടാണ് അവര്‍ക്ക്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തേ കുമ്മനം രാജശേഖരനെ തിരികെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന ആവശ്യം ആര്‍.എസ്.എസ് ഉന്നയിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഏറെക്കുറേ പിന്മാറിയ മട്ടാണ്. മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്റെ പേരും ആദ്യഘട്ടത്തില്‍ സജീവമായി ആര്‍.എസ്.എസ് ഉയര്‍ത്തിയിരുന്നു.

We use cookies to give you the best possible experience. Learn more