ന്യൂദല്‍ഹി: തീവ്രവാദബന്ധം ആരോപിക്കുന്ന ഒരു സാക്ഷിമൊഴി പോലും തനിക്കെതിരെ ഇല്ലെന്നും തന്നില്‍ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ദല്‍ഹി കലാപക്കേസില്‍ ഗൂഢാലോചനാ കുറ്റം ചുമത്തി ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദ് കോടതിയില്‍. ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ത്രിദീപ് പൈസാണ് ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്.
തന്നേക്കാള്‍ വലിയ ആരോപണങ്ങള്‍ നേരിടുന്നവര്‍ ജാമ്യത്തില്‍ കഴിയുകയാണെന്ന് 2020ലെ ദല്‍ഹി കലാപക്കേസില്‍ ഗൂഢാലോചനാകുറ്റം ചുമത്തപ്പെട്ട് യു.എ.പി.എ പ്രകാരം വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മറ്റുള്ളവരെ പ്രതികളാക്കാന്‍ ദല്‍ഹി പോലീസ് തയ്യാറായിരുന്നില്ല എന്നും ഉമര്‍ഖാലിദിന് വേണ്ടി അഭിഭാഷകന്‍ പറഞ്ഞു.
വിധികളെ സ്വാധീനിക്കുന്ന, കുറ്റപത്രത്തിലെ ഓരോ രേഖകളും കോടതി വിശദമായി വിശകലനം ചെയ്യേണ്ടതുണ്ട്. പത്ത് സാക്ഷികള്‍ ഉമര്‍ഖാലിദിന്റെ പേര് പറഞ്ഞത് കൊണ്ട് അദ്ദേഹത്തിനെതിരെ തീവ്രവാദ ബന്ധം ആരോപിക്കാന്‍ കഴിയുമോ എന്നും ഉമര്‍ഖാലദിന്റെ അഭിഭാഷകന്‍ ചോദിച്ചു.
നേരത്തെ ജാമ്യം നിഷേധിച്ച കോടതികള്‍ കുറ്റപത്രം ഇഴകീറി പരിശോധിച്ചിട്ടില്ലെന്നും അവര്‍ ഒരു വിശാലമായ ചിത്രംവരക്കുകയാണ് ചെയതത്. ഹൈക്കോടതിയും പ്രത്യേക കോടതിയും ജാമ്യം നിഷേധിച്ചപ്പോള്‍ കുറ്റപത്രത്തില്‍ പറഞ്ഞ പ്രവര്‍ത്തികളെയും ആളുകളെയും വിശദമായി പരിശോധിക്കാന്‍ തയ്യാറായിട്ടില്ലെന്നും ഉമര്‍ഖാലിദിന് വേണ്ടി അഭിഭാഷകന്‍ വാദിച്ചു.
ഓരോ വ്യക്തിക്കും എതിരായ കാര്യങ്ങളെ വിശദമായി പരിശോധിച്ച് കൊണ്ടാണ് കേസ് വിലയിരുത്തേണ്ടതെന്നും പ്രോസിക്യൂഷന്‍ സമര്‍പ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമാകരുതെന്നും ത്രിദീപ് പൈസ് പറഞ്ഞു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച സമര്‍പ്പിച്ച രേഖകള്‍ സാക്ഷികളുടെ സി.ഡി.ആറിന്റെയും മൊഴികളാണ്. പ്രോസിക്യൂഷന്‍ ആരോപിക്കുന്ന യോഗത്തില്‍ ഉമര്‍ഖാലിദ് പങ്കെടുത്തിട്ടില്ല എന്ന് സി.ഡി.ആര്‍ തന്നെ പറയുന്നുമുണ്ട്. സാക്ഷിമൊഴികളില്ലാതെ തന്നെ ഉമര്‍ഖാലിദിന് നേരെ ഭീകരവാദബന്ധം ആരോപിക്കുന്നു എന്നത് വിചിത്രമാണെന്നും പൈസ് പറയുന്നു.
അതേസമയം ഉമര്‍ഖാലിദ് കലാപസമയത്ത് ഡല്‍ഹി പൊലീസിനെതിരെയാ നിരവധി വാര്‍ത്തകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്തുവെന്നും അവ ഷെയര്‍ ചെയ്യാന്‍ വേണ്ടി സെലിബ്രിറ്റികളോട് ആവശ്യപ്പെട്ടിരുന്നു എന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഉമര്‍ഖാലിദ് ജാമ്യാപേക്ഷെയെ സ്വാധീനിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടലുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ ആരോപിച്ചു. ചില വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ഗൂഢാലോചനയുടെ ഭാഗമായി ഉമര്‍ഖാലിദ് മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ടീസ്റ്റസെതല്‍വാദ്, ആകര്‍പട്ടേല്‍, മനുഷ്യാവകാശ സംഘടന ആനംസ്റ്റി ഇന്റര്‍നാഷണല്‍ എന്നിവയുമായി ബന്ധപ്പെട്ടിരുന്നു എന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.
എപ്രില്‍ 24നാണ് ഉമര്‍ഖാലിദിന്റെ ജാമ്യാപേക്ഷ ഇനി പരിഗണിക്കുന്നത്. ദല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉമര്‍ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ സുപ്രീംകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ അദ്ദേഹം പിന്‍വലിച്ചിരുന്നു.
content highlights: There is not a single testimony against me that alleges terrorist links, nothing has been found: Umar Khalid