| Friday, 10th May 2019, 8:43 am

ഞങ്ങള്‍ ജയ്ഹിന്ദിലാണ് വിശ്വസിക്കുന്നത്; ജയ് ശ്രീറാമിലല്ല:മമതാ ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ബംഗാളില്‍ യാതൊരു തരത്തിലുള്ള കലാപങ്ങളും ഇല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി.ആജ് തക് ടിവിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മമതയുടെ പ്രതികരണം.

ബംഗാളില്‍ തെരഞ്ഞെടുപ്പിനിടയില്‍ മമതാ ബാനര്‍ജി അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം ഉയരുന്നു എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതെന്നും താനല്ല എന്നുമായിരുന്നു മമതയുടെ മറുപടി.

‘തെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്. താനല്ല. ബി.ജെ.പി അവിടെ ഹോംവര്‍ക്കുകളൊന്നും ചെയ്തില്ല. ഞാന്‍ ഒരു തരത്തിലുള്ള കലാപശ്രമങ്ങളും നടത്തുന്നില്ല. അവിടെ അക്രമങ്ങളൊന്നുമില്ല. അവിടെ ഒരുപാട് ബൂത്തുകളും ബ്ലോക്കുകളുമുണ്ട്. അവിടെ പോയിട്ട് ബി.ജെ.പി അത്തരത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അവര്‍ക്കാണ്.മറ്റാര്‍ക്കുമല്ല.’ മമതാ ബാനര്‍ജി പറഞ്ഞു.

പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ,മോദി അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ നശിപ്പിച്ചുവെന്നും അതാണ് അവരുടെ പ്രധാന ഉദ്യേശമെന്നും മമത കുറ്റപ്പെടുത്തി. മോദിയെ പുറത്താക്കി രാജ്യത്തെ രക്ഷിക്കൂ എന്നും മമത ആഹ്വാനം ചെയ്തു.

രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയില്‍ താങ്കളെ സ്വയം കാണുന്നുണ്ടോ എന്ന ചോദ്യത്തിന് എനിക്ക് എന്റെ രാജ്യം സുരക്ഷിതമായി കാണണം എന്നാണ് ആഗ്രഹമെന്നും മോദിയുടെ കൈയ്യില്‍ രാജ്യം സുരക്ഷിതമല്ലെന്നുമായിരുന്നു മമതയുടെ പ്രതികരണം. മോദി രാജ്യത്തെയും ഇവിടുത്തെ സ്വാതന്ത്രത്തെയും വിറ്റുവെന്നും മമത പറഞ്ഞു.

ബംഗാളിലെ ഭരണവിരുദ്ധ വികാരത്തെ കുറിച്ചുള്ള ചോദ്യത്തിന് അവിടെ അത്തരത്തില്‍ ഭരണവിരുദ്ധ വികാരം രൂപപ്പെട്ടിട്ടില്ലെന്നും ഞങ്ങള്‍ പൊതുജനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ബി.ജെ.പി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടുമെന്നും ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും മമത പറഞ്ഞു. ഞങ്ങള്‍ ഇവിടെ 42 സീറ്റില്‍ വിജയിക്കുമെന്നായിരുന്നു മമതയുടെ മറുപടി.

പരസ്പരം വ്യക്തിഹത്യയാണ് മോദിയും മമതയു തമ്മില്‍ നടത്തുന്നതെന്ന് ചോദിച്ചപ്പോള്‍ മോദിയായിരുന്നു അത് തുടങ്ങിവെച്ചതെന്നായിരുന്നു മറുപടി. മമതാ ബാനര്‍ജി മോദിയെ എക്‌സ്പയറി ബാബുമെന്നും മോദി തിരിച്ചടിച്ച് മമതയെ സ്പീഡ് ബ്രേക്കര്‍ ദീദി എന്നുമായിരുന്നു വിളിച്ചിട്ടുള്ളത്. എന്നാല്‍ ഞാന്‍ ജനാധിപത്യത്തെകുറിച്ച് സംസാരിക്കുമ്പോള്‍ മോദി വളരെ മോശം പദപ്രയോഗമാണ് നടത്തിയതെന്ന് മമത ആരോപിച്ചു.

ഞങ്ങളിതുവരെ ഹിന്ദു – മുസ്ലീം രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും എല്ലാ മതവും എന്റെ മതവും എല്ലാ ജാതിയും എന്റെ ജാതിയുമാണെന്നും ബി.ജെ.പി അത്തരം രാഷ്ട്രീയം കളിക്കുന്നതെന്താണെന്ന് നിങ്ങള്‍ മോദിയോട് ചോദിക്കണമെന്നും മമത പറഞ്ഞു. ഞങ്ങള്‍ ജയ്ഹിന്ദിലാണ് വിശ്വസിക്കുന്നത് ജയ് ശ്രീറാമിലല്ലെന്നും മമത പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more