|

ഇന്ത്യ സഖ്യത്തില്‍ ഐക്യമില്ല; സി.പി.ഐ പത്രക്കുറിപ്പില്‍ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ സഖ്യത്തില്‍ ഐക്യമില്ലെന്ന് സി.പി.ഐ. സി.പി.ഐ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 കോണ്‍ഗ്രസ് അടക്കമുള്ള സഖ്യകക്ഷികള്‍ തമ്മില്‍ പരസ്പരം വിശ്വാസക്കുറവുണ്ടെന്നും സി.പി.ഐയേയും മറ്റ് ഇടത് പാര്‍ട്ടികളേയും സീറ്റ് വിഭജനത്തില്‍ വേണ്ട വിധത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്.

സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ ഇന്ന് ദല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും നേരിയിടാന്‍ വേണ്ടി രൂപീകരിച്ചതാണ് ഇന്ത്യ സഖ്യമെന്നും ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാനും സഖ്യം ലക്ഷ്യമിട്ടിരുന്നെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പ്രത്യേകിച്ച് ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലൊക്കെ ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നെങ്കിലും സി.പി.ഐയും സി.പി.ഐ.എമ്മും സഖ്യത്തില്‍ ആയിരുന്നില്ല മത്സരിച്ചിരുന്നത്. കൂടാതെ സഖ്യത്തില്‍ സി.പി.ഐ പോലുള്ള ഇടത് പാര്‍ട്ടികള്‍ക്ക് വേണ്ട വിധത്തിലുള്ള പരിഗണന നല്‍കുന്നില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. അത് പരസ്പര ബഹുമാനക്കുറവിനെയാണ് കാണിക്കുന്നത്.

ഇതാദ്യമായല്ല ഇന്ത്യ സഖ്യത്തിലെ ഭിന്നതകളെക്കുറിച്ച് സി.പി.ഐ തുറന്ന് സംസാരിക്കുന്നത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരേയും ജാര്‍ഖണ്ഡ് കോണ്‍ഗ്രസിനെതിരേയുമെല്ലാം മുമ്പ് ഡി. രാജ വിമര്‍ശനമുന്നയിച്ചിരുന്നു. മഹാരാഷ്ട്ര സീറ്റ് വിഭജനത്തിലും ഇടത് പാര്‍ട്ടികള്‍ക്ക് അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു.

ജാര്‍ഖണ്ഡില്‍ ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നു എന്ന് പറയുമ്പോഴും അവിടെ സി.പി.ഐ.എം.എല്‍ ആണ് രണ്ട് സീറ്റുകളില്‍ വിജയിച്ചത്. സി.പി.ഐയേയും സി.പി.ഐ.എമ്മിനേയും ജെ.എം.എമ്മും കോണ്‍ഗ്രസും സീറ്റ് വിഭജനത്തില്‍ പരിഗണിച്ചില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശമുണ്ട്.

Content Highlight: There is no  unity in I.N.D.I.A alliance says CPI