ജെറുസലേം: ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിനു മുന്നിൽ വ്യാപക പ്രതിഷേധം. സർക്കാർ മാറണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി ആളുകളാണ് വസതിക്കു മുന്നിൽ പ്രതിഷേധം നടത്തുന്നത്. നെതന്യാഹു രാജി വെക്കാതെ പ്രതിഷേധത്തിൽ നിന്നും ഒരടി പോലും പുറകോട്ടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
ഗസയിലുള്ള 120 ഓളം ഇസ്രഈലി ബന്ദികളുടെ മോചനം ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. തുടർച്ചയായി ഇസ്രഈലിൽ ഇത്തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്. വ്യാഴാഴ്ച ഇസ്രഈലിലെ പ്രധാന റോഡുകൾ പ്രതിഷേധക്കാർ ഉപരോധിച്ചിരുന്നു. പുതിയ സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി നിരവധി ആളുകളാണ് ഉപരോധത്തിൽ ഏർപ്പെട്ടത്.
ഹമാസിന്റെ തടവിലുള്ള ബന്ദികളെ തിരിച്ചെത്തിക്കണമെന്ന ആവശ്യങ്ങൾ എഴുതിയ ബാനറുകൾ പ്രതിഷേധക്കാർ ഉയർത്തി. ബന്ദികളെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി ഹമാസുമായി കരാറിലൊപ്പിടാൻ നെതന്യാഹുവിന് താത്പര്യം ഇല്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഇനിയും നിരവധി സ്ഥലങ്ങളിൽ പ്രതിഷേധത്തിന് ആളുകൾ ആഹ്വാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സമരത്തിലൂടെ മാത്രമേ നെതന്യാഹുവിനെ സമ്മർദത്തിലാക്കാൻ കഴിയുകയുള്ളൂ എന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
ഗസയിൽ ഒമ്പത് മാസത്തോളമായി തുടരുന്ന യുദ്ധത്തിലെ നെതന്യാഹുവിന്റെ പിഴവ് ചൂണ്ടിക്കാട്ടി ചില നേതാക്കളും രംഗത്ത് വന്നിരുന്നു. ഗസയിലെ യുദ്ധത്തിൽ ഇസ്രാഈൽ സർക്കാർ പരാജയപ്പെട്ടുവെന്ന് മുൻ പ്രതിരോധ മന്ത്രിയും തീവ്ര ദേശീയ പാർട്ടിയായ ‘ഇസ്രഈൽ ബയ്തിനു’ നേതാവായ അവിഗ്ഡോർ ലിബർമൻ പറഞ്ഞിരുന്നു. നെതന്യാഹുവിന്റെ പോലെ തന്നെ പ്രതിരോധ മന്ത്രി യോവ് ഗാലെന്റിനും എല്ലാ പ്രശ്നങ്ങളിലും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: There is no turning back until the government changes in Israel