| Monday, 20th March 2023, 6:53 pm

ഫലസ്തീന്‍ എന്ന രാജ്യമില്ല; സിയോണിസത്തിന് വേണ്ടി പോരാടാന്‍ നിര്‍മിക്കപ്പെട്ടവരാണവര്‍: ഇസ്രഈല്‍ ധനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ഫലസ്തീന്‍ ജനത എന്ന ഒരു വിഭാഗമില്ലെന്ന വിദ്വേഷ പരമാര്‍ശവുമായി ഇസ്രഈല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്. പാരിസില്‍ വെച്ച് ലിക്കുഡ് പാര്‍ട്ടി നേതാവായ ജാക്വെസ് കുപ്‌ഫെറിന്റെ ഓര്‍മ ദിവസത്തില്‍ പങ്കെടുക്കവേയാണ് അദ്ദേഹം വിദ്വേഷ പരാമര്‍ശം നടത്തിയത്.

20ാം നൂറ്റാണ്ടില്‍ സിയോണിസത്തിന് വേണ്ടി പോരാടാന്‍ നിര്‍മിച്ചവരാണ് ഫലസ്തീനികളെന്നും താനും തന്നെപ്പോലെയുള്ളവരുമാണ് യഥാര്‍ത്ഥ ഫലസ്തീനികളെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനികളെ കുറിച്ചുള്ള ഈ യാഥാര്‍ത്ഥ്യം ഫ്രഞ്ച് സര്‍ക്കാരും, അമേരിക്കന്‍ സര്‍ക്കാരും അറിയണമെന്നും അദ്ദേഹം പറഞ്ഞു.

‘ഫലസ്തീന്‍ എന്ന രാജ്യമില്ല, ഫലസ്തീനിയന്‍ ഭാഷയുമില്ല,
നിങ്ങള്‍ക്ക് അറിയാമോ ആരാണ് ഫലസ്തീനികളെന്ന്. ഞാനാണ് ഫലസ്തീനിയന്‍,’ സ്‌മോട്രിച്ച് പറഞ്ഞു.

ഉക്രൈന്‍ നഗരമായ സ്‌മോട്രിച്ചില്‍ നിന്നാണ് തനിക്ക് ആ പേര് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

ഫലസ്തീനികളല്ല യഥാര്‍ത്ഥ ഫലസ്തീനികളെന്നും അത് ഇസ്രഈല്‍ ജൂതന്മാരാണെന്നുമുള്ള ആശയം ഇസ്രഈലിന്റെ വലത് പക്ഷ രാഷ്ട്രീയമാണെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീനെ കുറിച്ച് ഇതിന് മുമ്പും പല വിദ്വേഷ പ്രസംഗങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇസ്രഈലിലെ ഫലസ്തീന്‍ ഗ്രാമമായ ഹുവ്വാര പൂര്‍ണമായും തുടച്ച് നീക്കണമെന്ന് സ്‌മോട്രിച്ച് പറഞ്ഞിരുന്നു.

എന്നാല്‍ പാരീസിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

അതേസമയം പ്രസ്താവന അങ്ങേയറ്റം വംശീയമാണെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

content highlight: There is no such thing as Palestine; Built to fight for Zionism: Israeli finance minister

We use cookies to give you the best possible experience. Learn more