| Thursday, 30th March 2023, 1:30 pm

'അങ്ങനെയൊരു പെണ്‍കുട്ടിയേ ഇല്ല'; അനുജത്തിക്ക് യൂണിഫോം ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥിനി കൈകൂപ്പിയ 'വൈറല്‍ വാര്‍ത്ത' വ്യാജമെന്ന് സ്‌കൂള്‍ അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാളികാവ്: ‘അനുജത്തിക്ക് കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്, ചായം എറിയരുത്; കൈകൂപ്പി കരഞ്ഞപേക്ഷിച്ച് പെണ്‍കുട്ടി’ എന്ന തലക്കെട്ടില്‍ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് സ്‌കൂള്‍ അധികൃതര്‍. മലപ്പുറം കാളികാവിലെ മലയോര മേഖലയിലെ പ്രധാന സ്‌കൂളിനെ ഉദ്ധരിച്ച് വന്ന വാര്‍ത്തയില്‍ ‘അങ്ങനെയൊരു പെണ്‍കുട്ടിയേ ഇല്ല’യെന്ന് തങ്ങളുടെ അന്വേഷണത്തില്‍ ബോധ്യമായതായി സ്‌കൂള്‍ അധികൃതര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വാര്‍ത്ത വൈറലായതിന് ശേഷം സഹായ വാഗ്ദാനവുമായി നിരവധി സന്നദ്ധ സംഘടനകള്‍ സ്‌കൂളിനെ ബന്ധപ്പെട്ടപ്പോഴാണ് വിഷയത്തെക്കുറിച്ച് അന്വേഷിച്ചതെന്നും കാളികാവ് ക്രസന്റ് എച്ച്.എസ്.എസ് അധ്യാപകന്‍ വി.പി. മുജീബ് റഹ്‌മാന്‍ പറഞ്ഞു.

‘സംഭവ ദിവസം പ്ലസ്ടുവിന്റെ അവസാന പരീക്ഷാ ദിനമായിരുന്നു. അതിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരത്തുവെച്ച് ആഘോഷപരിപാടികളൊക്കെ നടത്തിയിരുന്നു. എന്നാല്‍ സ്‌കൂള്‍ പരിസരത്ത് പൊലീസിന്റെ നിരീക്ഷണമുണ്ടായതിനാല്‍ കുട്ടികള്‍ തൊട്ടടുത്തുള്ള അമ്പലക്കുന്ന് മൈതാനിയില്‍ പോയി ആഘോഷം നടത്തുകയാണുണ്ടായത്.

അതിന്റെ ഭാഗമായി വാഹനം ഓടിക്കുകയും, ചായം വിതറുകയുമൊക്കെയുണ്ടായി. എന്നാല്‍
ഇവിടെ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. പക്ഷേ സ്വാഭാവിക പൊലീസ് നടപടിയുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ വാര്‍ത്ത വന്നത്,’ മുജീബ് റഹ്‌മാന്‍ പറഞ്ഞു.

കുട്ടികള്‍ ചായം തേക്കാന്‍ ഒരുങ്ങിയപ്പോള്‍ ഒരു പെണ്‍കുട്ടി അതിനെ എതിര്‍ത്ത് കൈകൂപ്പി, എന്റെ അനിയത്തിക്കുള്ള യൂണിഫോമായതിനാല്‍ ചായം തേക്കരുതെന്നാണ് വാര്‍ത്തയിലുള്ളത്. എന്നാല്‍ അങ്ങനെയൊരു പെണ്‍കുട്ടി തന്നെയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ നടത്തിയ അന്വഷണത്തില്‍ നിന്ന് ബോധ്യമായതെന്നും മുജീബ് റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

‘അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല. അത് പൊലീസും സാക്ഷ്യപ്പെടുത്തുന്നു. മാതൃഭൂമിയിലാണ് ഈ വാര്‍ത്ത വന്നത്. കുട്ടികളെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്,’ അദ്ദേഹം പറഞ്ഞു.

മാതൃഭൂമി പത്രത്തില്‍ പ്രാദേശിക തലത്തില്‍ അച്ചടിച്ച് വന്ന വാര്‍ത്ത വെബ്സൈറ്റില്‍ വന്നതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ മറ്റ് ഓണ്‍ലൈന്‍ സൈറ്റുകളും ഈ വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു. വാര്‍ത്തയെ ഉദ്ധരിച്ച് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പും വലിയ തരത്തില്‍ പ്രചരിക്കപ്പെടുന്നുണ്ട്.

content highlight: ‘There is no such girl’; The school authorities have said that the ‘viral news’ of the student using her younger sister’s uniform is fake

We use cookies to give you the best possible experience. Learn more