ഹൈദരാബാദ്: സിനിമാമേഖലയ്ക്ക് മാത്രമായി പ്രത്യേക പരിഗണ നല്‍കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പുഷ്പ 2ന്റെ റിലീസിനെ തുടര്‍ന്നുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് രേവന്ത് റെഡ്ഡി തന്റെ നിലപാടില്‍ ഉറച്ചുനിന്നത്. ഹൈദരാബാദിലെ ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററിലാണ് കൂടിക്കാഴ്ച നടന്നത്.
‘ആരാധകരുടെ പ്രവര്‍ത്തനങ്ങളില്‍ താരങ്ങള്‍ക്കും പങ്കുണ്ട്. പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവദിക്കില്ല,’ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സിനിമ സബ്‌സിഡി പിന്‍വലിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്നും രേവന്ത് റെഡ്ഡി അറിയിച്ചു.
പുഷ്പ റിലീസിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച കേസില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെ സിനിമാമേഖലയില്‍ നിന്നുള്ളവര്‍ തന്നെ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
തുടർന്ന് നിയമത്തിന് മുമ്പില്‍ എല്ലാവരും ഒരുപോലെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അല്ലു അര്‍ജുന്റെ അറസ്റ്റിനെ കുറിച്ച് സംസാരിക്കുന്നവര്‍ എന്തുകൊണ്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മരിച്ച യുവതിയുടെ മകനെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നും രേവന്ത് റെഡ്ഡി ചോദ്യം ഉയര്‍ത്തിയിരുന്നു.
അല്ലു അര്‍ജുന്റെ പങ്കാളി തന്റെ ബന്ധുവാണെന്നും എന്നാല്‍ നിയമത്തിന് മുമ്പില്‍ ആര്‍ക്കും വിട്ടുവീഴ്ചയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതിനുപിന്നാലെയാണ് സിനിമ രംഗത്തുള്ളവരുമായി രേവന്ത് റെഡ്ഡി കൂടിക്കാഴ്ച നടത്തിയത്.
അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ്, തെലങ്കാന സിനിമ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ദില്‍ രാജു, ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക മല്ലു, ഛായാഗ്രഹണ മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ഡിജിപി ജിതേന്ദര്‍, നടന്‍ അക്കിനേനി നാഗാര്‍ജുന തുടങ്ങിയവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്.
യോഗത്തില്‍, തിയേറ്ററിലെത്തുന്ന താരങ്ങള്‍ക്കും തിരക്ക് നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. താരങ്ങളുടെ ബൗണ്‍സര്‍ സംഘങ്ങളുടെ വിവരം സര്‍ക്കാരിന് കൈമാറണമെന്നും രേവന്ത് റെഡ്ഡി നിര്‍ദേശിച്ചു. ബൗണ്‍സര്‍ സംഘങ്ങളില്‍ ഇനി സര്‍ക്കാര്‍ നിയന്ത്രണമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സിനിമയിലൂടെ പരിസ്ഥിതി ടൂറിസം തുടങ്ങിയ വിഷയങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ലഹരി ഉപയോഗം കുറയ്ക്കാന്‍ സിനിമയുടെ പിന്തുണയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം അല്ലു അര്‍ജുന്റെ വസതിക്ക് നേരെ ആക്രമണം നടന്നിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ക്രമാസമാധാനത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി നടന്റെ വസതിക്ക് മുമ്പില്‍ സുരക്ഷ വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.
Content Highlight: There is no special treatment for filmmakers; Revanth Reddy stands firm