സിനിമാകാര്‍ക്ക് മാത്രമായി പ്രത്യേക നിയമമുണ്ടെന്ന് കരുതുന്നില്ലെന്ന് നടനും അമ്മ സംഘടനയുടെ എക്‌സിക്യൂട്ടീവ് മെമ്പറുമായ സുധീര്‍ കരമന. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താരങ്ങള്‍ക്ക് പ്രത്യേക നിയമമുണ്ടെന്ന് താന്‍ അവകാശപ്പെടുന്നില്ലെന്നും, അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ഇന്‍കംടാക്‌സും മറ്റ് വകുപ്പുകളും താരങ്ങളെ തേടി വരില്ലായിരുന്നു എന്നും താരങ്ങള്‍ പണം അടക്കേണ്ടി വരില്ലായിരുന്നു എന്നും സുധീര്‍ പറഞ്ഞു.
‘താരങ്ങള്‍ക്ക് പ്രത്യേക നിയമം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ ആയിരുന്നു എങ്കില്‍, എന്തിനാണ് ഇന്‍കംടാക്‌സ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ താരങ്ങളെ തേടി വരുന്നത്. എത്ര പേര്‍ക്കാണ് ഇപ്പോള്‍ പണം അടക്കേണ്ടി വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്ക് പ്രത്യേക നിയമങ്ങള്‍ ഉണ്ടെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല.
ലഹരി ഉപയോഗത്തെ കുറിച്ച് ബാബുരാജും ടിനിടോമും സംസാരിച്ചത് അവര്‍ക്ക് വ്യക്തിപരമായി എന്തെങ്കിലും അനുഭവമുള്ളത് കൊണ്ടായിരിക്കാം. അവര്‍ രണ്ട് പേരും ശക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നവരും സംസാരിക്കുന്നവരുമാണ്. അവരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ഞാന്‍ ഇത്രകാലം സിനിമയില്‍ അഭിനയിച്ചിട്ടും എനിക്ക് അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നുവെച്ച് പൂര്‍ണമായും ഇതൊന്നുമില്ലാത്ത ഒരു മേഖലയിലാണ് ഞാന്‍ ജോലി ചെയ്യുന്നത് എന്നും ഞാന്‍ പറയുന്നില്ല.
എനിക്ക് അനുഭവങ്ങളുണ്ടായിട്ടില്ല എന്നത് കൊണ്ട് ഞാന്‍ ജോലി ചെയ്യുന്ന ഇടം പവിത്രമായ, കളങ്കമില്ലാത്ത ഇടമാണെന്നും ഞാന്‍ പറയുന്നില്ല. അങ്ങനെയാകണമെന്ന് വിശ്വസിക്കുന്നവരാണ് നമ്മളെല്ലാവരും. സിനിമയില്‍ മാത്രമല്ല ലഹരി ഉപയോഗമുള്ളത്. എന്നാല്‍ സിനിമ ഒരു മാസ് മീഡിയ ആയതുകൊണ്ട് അതിന് വാലിയ വാര്‍ത്താപ്രാധാന്യം ലഭിക്കുന്നു എന്നു മാത്രം,’ സുധീര്‍ കരമന പറഞ്ഞു
ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് അമ്മ സംഘടനയില്‍ ഉണ്ടോ എന്ന ചോദ്യത്തിന് സുധീര്‍കരമന മറുപടി പറഞ്ഞിട്ടില്ല. ‘അങ്ങനെയൊരു ലിസ്റ്റ് ഉണ്ടോ ഇല്ലയോ എന്ന് ഞാന്‍ പറയുന്നില്ല. അച്ചടക്കമുള്ള ഒരു എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്ന നിലയില്‍ കമ്മറ്റി തീരുമാനങ്ങള്‍ ഇതുപോലൊരു അഭിമുഖത്തില്‍ ഞാന്‍ പറയില്ല. അത് പറയേണ്ടത് പ്രസിഡണ്ടോ ജനറല്‍ സെക്രട്ടറിയോ ആണ്,’ സുധീര്‍ കരമന പറഞ്ഞു.
content highlights; There is no special law for filmmakers, would income tax have come if there was: Sudheer Karamana