മുംബൈ: ഇന്ത്യയില്‍ സുരക്ഷിതരാണെന്ന് തോന്നുന്നില്ലെന്ന് ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ വെടിവെപ്പിലെ ഇരയുടെ മകന്‍. മറ്റൊരു രാജ്യത്തേക്ക് പോകാനുള്ള ആലോചനയിലാണെന്നും മകനായ ഹുസൈന്‍ ഭന്‍പുര്‍വാല പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ക്ക് ആരുടെ ഭാഗത്ത് നിന്നും സഹായം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘നിഷ്‌കളങ്കരായ എന്റെ പിതാവും മറ്റ് രണ്ട് യാത്രക്കാരും അവരുടെ വേഷം കാരണമാണ് കൊല്ലപ്പെട്ടത്. ഞങ്ങള്‍ ഇവിടെ സുരക്ഷിതരല്ല. ഞങ്ങള്‍ എങ്ങനെയാണ് ഇവിടെ താമസിക്കുക. മറ്റൊരു രാജ്യത്തേക്ക് പോകാന്‍ ആലോചിക്കുകയാണ്. തീര്‍ച്ചയായും ഞങ്ങള്‍ തിരിച്ച് വരും. കാരണം ഞങ്ങളുടെ വീട് ഇന്ത്യയിലാണ്.
കേസ് കൈകാര്യം ചെയ്യുന്ന സബര്‍ബന്‍ മുംബൈയിലെ പൊലീസ് സ്റ്റേഷനില്‍ ഞാന്‍ ഒന്നിലധികം തവണ പോയിട്ടുണ്ട്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ കാണാന്‍ സാധിച്ചെങ്കിലും അവരില്‍ നിന്ന് ഒരു സഹകരണവും ലഭിച്ചിട്ടില്ല,’ അദ്ദേഹം പറഞ്ഞു.
പ്രതിയായ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ്ങിനെ പൊലീസ് കസ്റ്റഡി അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. എന്നാല്‍ റിമാന്‍ഡ് നടപടികളില്‍ പങ്കെടുക്കാന്‍ ഇരയുടെ മകനെ കോടതി അനുവദിച്ചില്ലെന്ന ആരോപണവുമുണ്ട്. മതസ്പര്‍ധ വകുപ്പും കൊലപാതക കുറ്റവും ആയുധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് ചേതനെതിരെ കേസെടുത്തത്.
ഈ മാസം ആദ്യം മുംബൈ-ജയ്പൂര്‍ സെന്‍ട്രല്‍ എക്സ്പ്രസില്‍ മേലുദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയുമാണ് ഇയാള്‍ വെടിവെച്ച് കൊന്നത്. ചേതന്‍ സിങ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മൃതദേഹങ്ങള്‍ക്ക് സമീപം നിന്ന് ‘ഹിന്ദുസ്ഥാനില്‍ ജീവിക്കണമെങ്കില്‍ യോഗിക്കും മോദിക്കും വോട്ട് ചെയ്യണം’ എന്ന് ആക്രോശിക്കുന്ന വീഡിയോയും പിന്നാലെ പ്രചരിച്ചിരുന്നു.
ചേതന്‍ മുസ്‌ലിങ്ങളെ തേടിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. റെയില്‍വേ പൊലീസ് എ.എസ്.ഐ ടിക്കാറാം മീണ, അസ്ഗര്‍ അബ്ബാസ് അലി (48), അബ്ദുല്‍ഖാദര്‍ മുഹമ്മദ് ഹുസൈന്‍ (64), സതാര്‍ മുഹമ്മദ് ഹുസൈന്‍ (48) എന്നിവരെയാണ് ചേതന്‍ വെടിവെച്ചുകൊന്നത്.
മുംബൈ-ജയ്പൂര്‍ സെന്‍ട്രല്‍ എക്സ്പ്രസിലെ ബി കോച്ചിലായിരുന്ന അക്രമം നടന്നത്. ട്രെയിന്‍ പാല്‍ഘറിനും ദഹിസര്‍ സ്റ്റേഷനും ഇടയില്‍ എത്തുമ്പോഴാണ് അക്രമം നടന്നത്. തന്റെ ഓട്ടോമാറ്റിക് സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് 12 തവണയാണ് പ്രതി വെടിവെച്ചത്. 33 വയസ്സുകാരനായ ചേതന്‍ സിങ് എമര്‍ജന്‍സി ചെയിന്‍ വലിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കീഴടങ്ങുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.
content highlights: ‘There is no safe in India; Plans to flee country’