| Saturday, 2nd July 2022, 4:19 pm

താജ്മഹല്‍ പണിതത് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്തല്ല, വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അടച്ചിട്ട മുറികളും താജ്മഹലിലില്ല; ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ട് സാകേത് ഗോഖലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: താജ്മഹലിന്റെ അടച്ചിട്ട മുറികളില്‍ ഹിന്ദു വിഗ്രഹങ്ങള്‍ ഇല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെ. വിവരാവകാശ കമ്മീഷന്‍ നല്‍കിയ ഔദ്യോഗിക മറുപടിക്കത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സാകേതിന്റെ വെളിപ്പെടുത്തല്‍.

താജ്മഹല്‍ ക്ഷേത്രം നിലനിന്ന സ്ഥലത്താണ് നിര്‍മിച്ചതെന്ന ഹിന്ദുത്വവാദികളുടെ ആരോപണത്തിനെതിരെ സാകേത് വിവരാവകാശ കമ്മീഷനില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ മറുപടിയായാണ് കത്ത് വന്നിരിക്കുന്നത്.

താജ്മഹല്‍ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്തല്ല നിര്‍മിച്ചതെന്നും ഒപ്പം ഹിന്ദു വിഗ്രഹങ്ങളുള്ള അടച്ചിട്ട മുറികളൊന്നും താജ്മഹലില്‍ ഇല്ലെന്നും വിവരാവകാശ കമ്മീഷന്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.

 

ജനങ്ങളും കോടതികളും ഇത് മനസിലാക്കുമെന്നും ഇതിനെ ഒരു കാരണമായി ഉപയോഗിച്ച് രാജ്യത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ബി.ജെ.പിയുടെയും ഹിന്ദുത്വ ഗ്രൂപ്പുകളുടെയും ചില മാധ്യമങ്ങളുടെയും ദുഷിച്ച പദ്ധതികള്‍ ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാകേത് കുറിച്ചു.

താജ്മഹലിന്റെ അടച്ചിട്ട മുറികളില്‍ ഹിന്ദുത്വ വിഗ്രഹങ്ങളുണ്ടെന്ന ആരോപണവുമായി നേരത്തെ ഹിന്ദത്വവാദികള്‍ രംഗത്തെത്തിയിരുന്നു. ഈ മുരികല്‍ തുറക്കണമെന്നും സര്‍വേ നടത്തണമെന്നുമാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അലഹാബാദ് കോടതിയില്‍ നല്‍കിയിരുന്നു. എന്നാല്‍ ജസ്റ്റിസ് ഡി.കെ. ഉപാധ്യായ്, സുബാഷ് വിദ്യാര്‍ഥി എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയിരുന്നു.

താജ്മഹലിന്റെ അടച്ചിട്ട 20 മുറികള്‍ തുറന്ന് ശരിയായ ചരിത്രം കണ്ടെത്തണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. അടച്ചിട്ട മുറികളില്‍ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങളോ വിഗ്രഹങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വൈദഗ്ദ്യം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ വിധി പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഹിന്ദു ആരാധനയ്ക്കായുള്ള വിഗ്രഹങ്ങളോ മറ്റ് അനുബന്ധ വസ്തുക്കളോ അടച്ചിട്ട 20 മുറികളില്‍ ഉണ്ടോയെന്ന് കണ്ടെത്തണമെന്നും, ഇതിനായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് അനുവാദം നല്‍കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി നല്‍കിയത്. ഈ മുറികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വിവരാവകാശവും രാജ്നീഷ് ഫയല്‍ ചെയ്തിരുന്നു.

താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി യഥാര്‍ഥത്തില്‍ ജയ്പൂര്‍ രാജ കുടുംബത്തിന്റെതായിരുന്നുവെന്ന് ബി.ജെ.പി എം.പി ദിയ കുമാരി ആരോപിച്ചിരുന്നു.

Content Highlight: there is no room which contains hindu idols in tajmahal and it’s not build where temple existed

We use cookies to give you the best possible experience. Learn more