ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശം പാര്‍ലമെന്റിന് റദ്ദാക്കാന്‍ വ്യവസ്ഥയില്ല; കപില്‍ സിബല്‍ സുപ്രീം കോടതിയില്‍  
national news
ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശം പാര്‍ലമെന്റിന് റദ്ദാക്കാന്‍ വ്യവസ്ഥയില്ല; കപില്‍ സിബല്‍ സുപ്രീം കോടതിയില്‍  
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th August 2023, 8:32 am

ന്യൂദല്‍ഹി: ജമ്മുകശ്മീരിന്റെ ഭരണാധികാരം ഗവര്‍ണറും നിയമസഭക്കുള്ള അധികാരം പാര്‍ലമെന്റും ഏറ്റെടുത്തത് ഭരണഘടനാ വിരുദ്ധമെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ത്തുള്ള ഹരജിയിലായിരുന്നു അദ്ദേഹത്തിന്റെ വാദം.

ജമ്മുകശ്മീരിന് ഭരണഘടനാ സഭ നല്‍കിയിട്ടുള്ള പ്രത്യേക അവകാശം പാര്‍ലമെന്റിന് റദ്ദാക്കാന്‍ ഭരണഘടനാ വ്യവസ്ഥയില്ലെന്നും സിബല്‍ കോടതിയില്‍ വാദിച്ചു. ജമ്മുകശ്മീരില്‍ ഭരണഘടനാ സഭ നിലവിലില്ലാത്തിടത്തോളം കാലം ആ ഭരണഘടനാ സഭ നല്‍കിയ പ്രത്യേക അവകാശം പാര്‍ലമെന്റിന് റദ്ദാക്കാന്‍ ഭരണഘടനാ വ്യവസ്ഥയില്ല. ജമ്മുകശ്മീര്‍ ഭരണഘടന നിലവിലില്ലെന്നും പറഞ്ഞ് ഉത്തരവാദിത്തം പാര്‍ലമെന്റ് ഏറ്റെടുത്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സിബല്‍ പറഞ്ഞു. ഭരണഘടനാ നിര്‍മാണസഭക്ക് തുല്യമായ അവകാശമുണ്ടന്ന് വാദിച്ച് നാളെ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ തന്നെ മാറ്റാന്‍ പാര്‍ലമെന്റ് തീരുമാനിച്ചാല്‍ അത് രാജ്യത്തെ വലിയ അപകടത്തിലേക്ക് നയിക്കുമെന്നും സിബല്‍ പറഞ്ഞു.


ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം അനുച്ഛേദമനുസരിച്ച് സംസ്ഥാനത്തിന്റെ അതിര്‍ത്തി വലുതാക്കുകയോ ഇല്ലാതാക്കുകയോ മാറ്റുകയോ ചെയ്യണമെങ്കില്‍ നിയമസഭയുടെ അനുമതി വേണം. ജമ്മുകശ്മീര്‍ വിഭജിച്ചപ്പോള്‍ അത്തരമൊരു കൂടിയാലോചനയോ സമ്മതം തേടലോ ഉണ്ടായില്ല. സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ അതിര്‍ത്തി മാറ്റി പുതിയ കേന്ദ്രഭരണ പ്രദേശങ്ങളുണ്ടാക്കാന്‍ ഭരണഘടനയിലെ ഏത് വകുപ്പാണ് ഇവര്‍ക്ക് അധികാരം നല്‍കിയതെന്നും സിബല്‍ ചോദിച്ചു.
ഭരണഘടനയുടെ വിശേഷാധികാരം ഉപയോഗിച്ച് ജനാധിപത്യം സംരക്ഷിക്കാനും വീണ്ടെടുക്കാനുമല്ലാതെ ഒരു സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാകില്ലെന്നും സിബല്‍ വ്യക്തമാക്കി. ഭരണ ഘടനയുടെ 356 -ാം അനുച്ഛേദമനുസരിച്ച് സ്വന്തം ഭരണമേര്‍പ്പെടുത്തിയ രാഷ്ട്രപതിക്ക് ജമ്മുകശ്മീര്‍ നിയമസഭക്കുള്ള അധികാരം ഉപയോഗിക്കാനാവില്ല. എന്നാല്‍ നടപടികളില്‍ ഇതുമുണ്ടായെന്ന് സിബല്‍ ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ നിര്‍മാണ സഭക്ക് തുല്യമായ അധികാരം പാര്‍ലമെന്റിനുണ്ടെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും ഹരജി പരിഗണിക്കവെ പറഞ്ഞു. പാര്‍ലമെന്റിന് അധികാര പരിധിയുണ്ട്. ഭരണഘടനക്ക് വിധേയമായി മാത്രമേ പാര്‍ലമെന്റിന് അധികാരം വിനിയോഗിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സുപ്രീം കോടതി പറഞ്ഞു. കേസില്‍ ചൊവ്വാഴ്ച വാദം തുടരും.
Content Highlights: There is no provision for Parliament to abrogate article 370; Kapil sibal