| Tuesday, 22nd February 2022, 1:46 pm

തോമസ് ഐസകിന്റെ പോസ്റ്റില്‍ രാഷ്ട്രീയമില്ല, മാധ്യമങ്ങള്‍ കഥയുണ്ടാക്കിയാല്‍ നമ്മളെന്ത് ചെയ്യാനാ: കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തിയുള്ള മുന്‍മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി. തോമസ് ഐസകിന്റെ പോസ്റ്റില്‍ രാഷ്ട്രീയമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മാധ്യമങ്ങള്‍ കഥയുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം പറഞ്ഞത്.

‘നിങ്ങള്‍ കഥയുണ്ടാക്കുന്നതിന് നമ്മളെന്ത് ചെയ്യാനാ. ഫേസ്ബുക്ക് പോസ്റ്റ് എന്നെ പറ്റി മാത്രമല്ലല്ലോ. പോസ്റ്റിലേത് ചരിത്രം പറയുന്നതല്ലേ. ഉമ്മന്‍ചാണ്ടിയെ പറ്റി പറഞ്ഞിട്ടുണ്ട്. വേറെ പലരേയും പറ്റി പറഞ്ഞിട്ടുണ്ട്. അതില്‍ രാഷ്ട്രീയമില്ല,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫിന്റെ നയം ഒരു കാലത്തും നെഗറ്റീവ് ആയിട്ടില്ല. ക്രിയാത്മകമായിരുന്നു, പഞ്ചായത്തിലൊക്കെ അഹമ്മദ് കുരിക്കളുടെ കാലം തൊട്ട് തുടര്‍ന്ന് വരുന്ന നയമാണ് എല്ലാവരുമായും സഹകരിക്കുക എന്നത്. അതിനെ ആ നിലയില്‍ കാണാന്‍ കഴിയണം.

ജനങ്ങള്‍ തന്ന മാന്‍ഡേറ്റ് യു.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുക എന്നുള്ളതാണ്. ആ മാന്‍ഡേറ്റിനപ്പുറം ഒരു ചര്‍ച്ചക്കും പ്രസക്തിയില്ല. ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുന്നതില്‍ ലീഗ് ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗിന് വാക്ക് ഒന്നേയുള്ളൂ, പ്രവൃത്തി ഒന്നേയുള്ളൂ. അന്തസായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. അതുകൊണ്ട് ഭരണത്തില്‍ വരുന്ന മെറിറ്റും ഡീമെറിറ്റും ചൂണ്ടിക്കാട്ടുമ്പോള്‍, അത് ചായ്‌വ് ആണെന്നൊക്കെ വ്യാഖ്യാനിക്കുന്നത് അബദ്ധമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജനകീയാസൂത്രണത്തോട് ലീഗ് നല്ല രീതിയില്‍ സഹകരിച്ചിരുന്നുവെന്നും അതിന്റെ മുഖ്യകാരണം കുഞ്ഞാലിക്കുട്ടി ആണെന്നുമാണ് തോമസ് ഐസക് കഴിഞ്ഞ ദിവസം പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതം സമഗ്രമായി പരാമര്‍ശിച്ചായിരുന്നു തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജനകീയാസൂത്രത്തിന്റെ പരിശീലനത്തിനുള്ള കൈപ്പുസ്തകത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എന്ന ഭാഗം വിവാദമായപ്പോള്‍ കൈവിട്ടു പോകാതിരിക്കാന്‍ സഹായിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.

നിയമസഭയിലും പുറത്തും ഒരു കടലാസ് പോലും ഇല്ലാതെ പ്രസംഗിക്കാനും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും പി.കെ കുഞ്ഞാലിക്കുട്ടിക്ക് കഴിയുമെന്നും തോമസ് ഐസക് പോസ്റ്റില്‍ പറയുന്നു.


Content Highlights: There is no politics in Thomas Isaac’s post: Kunhalikutty

We use cookies to give you the best possible experience. Learn more