അഴിമതിയോട് സന്ധിയില്ല; 200 തടവ് കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കാനൊരുങ്ങി ചൈന
World News
അഴിമതിയോട് സന്ധിയില്ല; 200 തടവ് കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കാനൊരുങ്ങി ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th December 2024, 8:41 am

ബെയ്ജിങ്: അഴിമതിക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കുറ്റവാളികളെ പാര്‍പ്പിക്കാന്‍ കൂടുതല്‍ ജയിലുകള്‍ സ്ഥാപിക്കാനൊരുങ്ങി ചൈനീസ് സര്‍ക്കാര്‍. 200ലധികം പ്രത്യേക തടവ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് ഷീ ജിന്‍ പിങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടം തീരുമാനിച്ചത്.

‘ലിഉഴി’ എന്ന് പേരിട്ടിരിക്കുന്ന ഈ കേന്ദ്രങ്ങളില്‍ കുറ്റവാളികള്‍ക്ക് നിയമോപദേശം തേടാനോ കുടുംബാംഗങ്ങള്‍ക്ക് സന്ദര്‍ശനം നടത്താനോ ഉള്ള അനുമതി ഇല്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഈ കേന്ദ്രങ്ങളില്‍ കുറ്റം ചെയ്‌തെന്ന് സംശയിക്കുന്നവരെ ആറ് മാസം വരെ താമസിപ്പിക്കാം.

2012ല്‍ അധികാരത്തില്‍ വന്നതിനുശേഷം അഴിമതിക്കെതിരെ കടുത്ത നിലപാടുകളാണ് പ്രസിഡന്റ് ഷി എടുത്തിരുന്നത്. അടുത്തിടെ രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സൈന്യത്തിന്റെയും മേലുള്ള പരമാധികാരവും ഷീക്ക് ലഭിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഭരണത്തിന്റെ ആദ്യ ടേമുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ അഴിമതിക്കാര്‍ക്കെതിരെയാണ് നടപടികള്‍ എടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്തുള്ള പൊതു സ്ഥാപനങ്ങളിലേക്കും അഴിമതി വിരുദ്ധ പോരാട്ടം വ്യാപിപ്പിച്ചിട്ടുണ്ട്.

കൈക്കൂലി വാങ്ങിയെന്ന് സംശയിക്കുന്ന വ്യവസായികളെയും കസ്റ്റഡിയിലെടുക്കാറുണ്ട്. ഇത്തരത്തില്‍ അറസ്റ്റിലായവരാണ് പ്രശസ്ത ചൈനീസ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ ബാവോ ഫാനും മുന്‍ സോക്കര്‍ താരം ലീ ടൈയും. അഴിമതിക്കേസില്‍ 20 വര്‍ഷത്തെ തടവിനാണ് ലീ ടൈ ശിക്ഷിക്കപ്പെട്ടത്.

തടവുകാരെ നിരീക്ഷിക്കാന്‍ ജയിലുകളില്‍ 24 മണിക്കൂറും ഗാര്‍ഡുകളും നിരീക്ഷണ ക്യാമറകളും ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2017നും 2024 നവംബറിനുമിടയില്‍ 218ല്‍ അധികം ലിഉഴി കേന്ദ്രങ്ങളാണ് നിര്‍മിക്കപ്പെട്ടത്. കൊവിഡിനുശേഷം നിര്‍മാണം ത്വരിതപ്പെടുത്തിയെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല. ഇത്തരം കേന്ദ്രങ്ങളില്‍ തടവുകാര്‍ പലപ്പോഴും ഭീഷണികളും പീഡനങ്ങളും കടുത്ത മാനസിക സമ്മര്‍ദവും നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം അഴിമതി വിരുദ്ധ അന്വേഷണങ്ങളുടെ പേരില്‍ പ്രാദേശിക ഏജന്‍സികള്‍ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്ത് കൈക്കൂലിക്കായി വ്യാജ ആരോപണങ്ങള്‍ ചുമത്തി ബിസിനസുകാരെ തടവിലിടുന്നതായും വിമര്‍ശനമുണ്ട്‌.

Content Highlight: There is no peace with corruption; China is about to establish 200 more detention centers