| Wednesday, 6th March 2019, 8:32 pm

കീഴാറ്റൂരില്‍ ഇരുപത് വര്‍ഷമായി നെല്‍കൃഷി ഇല്ലെന്ന് ദേശീയപാത അതോറിറ്റിയുടെ റിപ്പോര്‍ട്ട്; വയല്‍ക്കിളികള്‍ വീണ്ടും സമരത്തിലേയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കീഴാറ്റൂരില്‍ ഇരുപത് വര്‍ഷമായി നെല്‍കൃഷി ഇല്ലെന്ന് ദേശീയപാത അതോറിറ്റിയുടെ റിപ്പോര്‍ട്ട്. കേന്ദ്രം നിയോഗിച്ച സമിതി പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ വെറും പുല്ല് മാത്രമാണ് കണ്ടതെന്ന് കേരള റീജ്യണല്‍ ഓഫീസ് കേന്ദ്ര ഹൈവേ മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി വയല്‍ക്കിളി നേതാക്കള്‍ ദല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. തുടര്‍ന്നാണ് കീഴാറ്റൂരില്‍ ബദല്‍ സാധ്യതകള്‍ തേടി പ്രത്യേക സംഘത്തെ നിയമിക്കാമെന്ന മന്ത്രി ഉറപ്പ് നല്‍കിയത്.


തുടര്‍ന്ന് ജൂലൈ ഒമ്പതിന് ഹൈവേ അതോറിറ്റിയുടെ തിരുവനന്തപുരം റീജ്യണല്‍ ഓഫീസില്‍ നിന്നുളള സംഘം കീഴാറ്റൂര്‍ സന്ദര്‍ശിച്ചു. നവംബര്‍ രണ്ടിനാണ് ഈ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിക്ക് കൈമാറിയത്. ഇതിലാണ് കീഴാറ്റൂരില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി നെല്‍കൃഷിയില്ലെന്ന കണ്ടെത്തലുള്ളത്.

മാത്രമല്ല, പ്രദേശത്ത് പരിശോധന നടത്തിയപ്പോള്‍ തീറ്റപ്പുല്‍ കൃഷിയാണ് കാണാന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ബദല്‍ സാധ്യതകള്‍ പരിശോധിക്കുന്നത് ദേശീയപാത വികസനത്തെ ബാധിക്കുമെന്നും ഏറ്റവും ചെലവ് കുറഞ്ഞ അലൈന്‍മെന്റ് കീഴാറ്റൂര്‍ വഴിയുള്ളതാണന്നും റിപ്പോര്‍ട്ടിലുണ്ട്.


ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഹൈവേ മന്ത്രാലയം കീഴാറ്റൂര്‍ വയല്‍ ദേശീയപാതക്കായി ഏറ്റെടുത്ത് അന്തിമ വിജ്ഞാപനം ഇറക്കിയത്.

അതേസമയം, തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുത്ത നടപടിക്കെതിരെ വയല്‍ക്കിളികള്‍ നാളെ മുതല്‍ വീണ്ടും അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more