തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന് മാത്രമായൊരു മന്ത്രി വേണമെന്നാവശ്യം സി.പി.ഐ.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തരമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്തതാണെന്നും കോടിയേരി പറഞ്ഞു.
സി.പി.എം- സി.പി.ഐ.എം ബന്ധം തകരില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ സി.പി.ഐയും സി.പി.ഐ.എമ്മും യോജിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് പ്രസ്ഥാനങ്ങളാണ്. അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയെന്ന് കരുതി രണ്ട് കൂട്ടരും തമ്മിലുള്ള ബന്ധം തകരില്ല. തകരുമെന്ന തരത്തിലുള്ള ആ പരിപ്പ് ഇവിടെ വേവാന്‍ പോവുന്നില്ല.
ആഭ്യന്തരവകുപ്പിന് മാത്രമായൊരു മന്ത്രി വേണമെന്ന് സമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി ചില മാധ്യമങ്ങള്‍ എഴുതിയത് കണ്ടു. പക്ഷെ അങ്ങനെയുള്ള ഒന്നും സമ്മേളനത്തില്‍ ഉണ്ടായിട്ടില്ല,” കോടിയേരി പറഞ്ഞു.
ആഭ്യന്തരവകുപ്പിന് മാത്രമായൊരു മന്ത്രി വേണമെന്ന ആവശ്യം സി.പി.ഐ.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആഭ്യന്തരവകുപ്പ് വന്‍ പരാജയമായി മാറിയെന്നതരത്തില്‍ സമ്മേളനത്തില്‍ ആരോപണമുയര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പൊലീസില്‍ അഴിച്ചുപണി നടത്തണമെന്നും പൊലീസിന്റെ ചെയ്തികള്‍ സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നതായും സമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതായും നാട് നന്നാകണമെന്ന ആഗ്രഹമില്ലെന്നും സമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
പൊലീസില്‍ സര്‍ക്കാറിനെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത്തരം ആളുകളെ കണ്ടെത്താന്‍ ശ്രമം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പൊലീസ് അസോസിയേഷന് വേണ്ടത്ര ശുഷ്‌കാന്തിയില്ല. ഒറ്റുകാരേയും സര്‍ക്കാറിനെ അപമാനിക്കാന്‍ ശ്രമിക്കുന്നവരേയും കണ്ടെത്താനും നിയന്ത്രിക്കാനും അസോസിയേഷന് കഴിയുന്നില്ല. പൊലീസ് സംഘടനാ സംവിധാനം കാര്യക്ഷമമാക്കാന്‍ പാര്‍ട്ടി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എന്നാല്‍, പൊലീസുകാരുടെ ഭാഗത്തുനിന്ന് ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കോടിയേരി പറഞ്ഞത്.
മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. ”പൊലീസുകാരുടെ ഭാഗത്തു നിന്നും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരക്കാര്‍ക്കെതിരെ വകുപ്പ് തല നടപടിയും സ്വീകരിച്ചിട്ടുണ്ട്,’ കോടിയേരി പറഞ്ഞു.
സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞതുകൊണ്ട് കെ റെയില്‍ പദ്ധതി ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു.
”ഇപ്പോള്‍ ആധുനികമായ സംവിധാനങ്ങളുണ്ട്. ഡിജിറ്റല്‍ സംവിധാനം വഴി സര്‍വേ കല്ല് എവിടെയെല്ലാമാണ് സ്ഥാപിച്ചതെന്ന് വ്യക്തമാകും. പണ്ട് നടത്തിയതു പോലെ സര്‍വേ കുറ്റി എടുത്തുമാറ്റിയാല്‍ പദ്ധതി ഇല്ലാതാക്കാം എന്നുള്ള ധാരണ മൗഢ്യമാണ്. അത്തരം സമീപനങ്ങളില്‍ നിന്നും യു.ഡി.എഫ് നേതൃത്വം പിന്തിരിയണം,’ കോടിയേരി വ്യക്തമാക്കി.
യുദ്ധം ചെയ്യാനുള്ള ശേഷി കോണ്‍ഗ്രസിനില്ല. അതെല്ലാം പണ്ടേ നഷ്ടപ്പെട്ടു പോയി. ഇപ്പോള്‍ വെറും വീരസ്യം പറയാനേ അവര്‍ക്ക് കഴിയൂ. വികസനപദ്ധതികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ അവരെ ഒറ്റപ്പെടുത്തുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.