| Friday, 3rd May 2019, 11:31 am

ഇത് 2014 അല്ല, ഇവിടെ മോദി തരംഗവുമില്ല: കേന്ദ്രത്തെ വിമര്‍ശിച്ച് ഗ്വാളിയോറിലെ കര്‍ഷകരും ചെറുകിട വ്യാപാരികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗ്വാളിയോര്‍: മോദി തരംഗമല്ല മോദി വിരോധമാണ് ഗ്വാളിയോറില്‍ അലയടിക്കുന്നതെന്നും തങ്ങളുടെ വോട്ട് ഇത്തവണയും ബി.ജെ.പിക്ക് ലഭിക്കില്ലെന്നും ഗ്വാളിയോറിലെ കര്‍ഷകരും ചെറുകിട വ്യാപാരികളും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ വോട്ട് കോണ്‍ഗ്രസിനായിരുന്നു. ഇത്തവണയും കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് തന്നെയാണ് കരുതുന്നത്- കര്‍ഷകനായ പാലിയ സ്‌ക്രോള്‍ ഡോട് കോമിനോട് പറഞ്ഞു.

ഗ്വാളിയോര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ എട്ട് അസംബ്ലി സീറ്റുകളില്‍ ഏഴ് സീറ്റുകളിലും കോണ്‍ഗ്രസിനായിരുന്നു വിജയം. 15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ നിന്നും കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തതും കഴിഞ്ഞ തെരഞ്ഞെടുപ്പിലായിരുന്നു.

” ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നത് ഗ്വാളിയോറിലെ മേയറായ വിവേക് ഷേജ് വാല്‍ക്കര്‍ ആണ്. ഒരു തവണ പോലും അദ്ദേഹം ഇവിടം സന്ദര്‍ശിച്ചിട്ടില്ല. 2014 ലെ പോലെ നരേന്ദ്ര മോദി ഫാക്ടര്‍ ഇത്തവണ ഇല്ല. മോദി തരംഗമെന്ന് പറയാവുന്ന കാര്യം ഇവിടെയില്ല. അദ്ദേഹം 2014 ല്‍ ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനവും പാലിച്ചിട്ടില്ല. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. കര്‍ഷകരുടെ വോട്ടുകള്‍ എന്താലായും ബി.ജെ.പിക്ക് ഇത്തവണ ലഭിക്കില്ല”- കര്‍ഷകര്‍ പറയുന്നു.

മാത്രമല്ല ദളിതര്‍ക്കതിരായ ആക്രമണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും കേന്ദ്രസര്‍ക്കാരിനെതിരായ നിലപാടിലേക്ക് ജനങ്ങളെ എത്തിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് പൊതുതെരഞ്ഞെടുപ്പിലും ഹിന്ദുത്വ പാര്‍ട്ടിക്ക് വോട്ട് ചെയ്ത വലിയൊരു ശതമാനം ആളുകള്‍ ഇവിടെ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇത്തവണ അതുണ്ടാവില്ലെന്നും പറയുകയാണ് മോഹന്‍ ജാദവ് എന്ന കര്‍ഷകന്‍.

” ബി.ജെ.പി നേതാക്കള്‍ കള്ളം പറയുകയാണ്. സത്യസന്ധതയില്ലാത്തവര്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് അവരുടേത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അശോക് സിങ് മൂന്ന് തവണ പരാജയപ്പെട്ടു. ഇത്തവണ അദ്ദേഹം ജയിക്കും. അദ്ദേഹത്തിന് ജനങ്ങള്‍ അവസരം നല്‍കും”- അദ്ദേഹം പറയുന്നു. മെയ് 12 നാണ് ഗ്വാളിയോറില്‍ വോട്ടെടുപ്പ്.

We use cookies to give you the best possible experience. Learn more