കോഴിക്കോട്: ‘നവകേരളത്തിനായി എല്‍.ഡി.എഫിനൊപ്പം’ എന്ന പേരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന ബഹുജനറാലിയില്‍ മുസ്‌ലിം ലീഗിനെ കുറിച്ചുള്ള പരാമര്‍ശമില്ല. പരിപാടിയുടെ ഭാഗമായുള്ള പോസ്റ്ററിലാണ് ലീഗിനെ കുറിച്ചുള്ള പരാമര്‍ശമില്ലാത്തത്.
കോണ്‍ഗ്രസ്, ആര്‍.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ കള്ളക്കടത്ത് മാഫിയ കൂട്ടുകെട്ടിന്റെ വിദ്വേഷപ്രചരണങ്ങള്‍ക്കെതിരെ എന്നതാണ് ബഹുജന റാലിയിലെ മുദ്രാവാക്യങ്ങളിലൊന്ന്.
സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും നിരന്തരമായി വിമര്‍ശനമുന്നയിക്കുന്ന മുസ്‌ലിം ലീഗിനെ കുറിച്ചുള്ള പരാമര്‍ശം പരിപാടിയുടെ പോസ്റ്ററില്‍ ഇല്ലാത്തതാണ് ചര്‍ച്ചയാവുന്നത്.
സ്വര്‍ണക്കടത്ത് വിവാദത്തില്‍ സ്വപ്‌ന സുരേഷിന്റെ മൊഴിക്ക് പിന്നാലെ വ്യാപക പ്രതിഷേധമായിരുന്നു മുസ്‌ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരുന്നത്.
മുഖ്യമന്ത്രിയെ അപകരപ്പെടുത്താനുള്ള കോണ്‍ഗ്രസ് ഭീകരപ്രവര്‍ത്തനത്തിനെതിരെ, ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വ്യാജപ്രചരണങ്ങള്‍ക്കെതിരെ എന്നതാണ് റീലിയിലെ മറ്റ് മുദ്രാവാക്യങ്ങള്‍.
ജൂണ്‍ 27ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന ബഹുജന റാലിയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് ജനങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കുന്നത്.
ജയരാജന് പുറമെ ബിനോയ് വിശ്വം എം.പി, എം. വി. ശ്രേയാംസ് കുംമാര്‍, ജോയ്‌സ് പുത്തന്‍ പുര, അഡ്വ. നൈസ് മാത്യു, സി.കെ. നാണു, യു. ഗോപിനാഥ് തുടങ്ങി മുന്നണിയിലെ മറ്റ് കക്ഷി നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.