വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ഈ നാടിന്റെ പൗരന്മാര്‍; പ്രവാസി വോട്ടവകാശം നീട്ടുന്നതില്‍ ന്യായമില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍
Kerala News
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ഈ നാടിന്റെ പൗരന്മാര്‍; പ്രവാസി വോട്ടവകാശം നീട്ടുന്നതില്‍ ന്യായമില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st April 2022, 11:09 pm

ന്യൂദല്‍ഹി: വര്‍ഷങ്ങളായി മാറി മാറി വരുന്ന സര്‍ക്കാറുകള്‍ എന്‍.ആര്‍.ഐ വോട്ട് നടപ്പിലാക്കും എന്ന് പറയുന്നതല്ലാതെ ഇതുവരേയും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.

സുപ്രീംകോടതി വരെ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടും അത് യാഥാര്‍ഥ്യമായില്ലെന്നും പാര്‍ലമെന്റില്‍ ജനാര്‍ദ്ദനന്‍ സിംഗ് എന്ന അംഗത്തിന്റെ നിര്‍ബന്ധ വോട്ടിനുള്ള സ്വകാര്യ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു ഈ വിഷയം സംസാരിച്ചെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.

പ്രവാസി വോട്ടവകാശം നടപ്പിലാക്കാന്‍ കഴിയാത്തത് ഖേദകരമായ ഒരു അവസ്ഥയാണ്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ഈ നാടിന്റെ പൗരന്മാരാണ് നാടിന്റെ സാമൂഹികവും സാമ്പത്തികമായ എല്ലാ കാര്യങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കുന്നവരും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുമാണ് അവര്‍ . ജീവിതമാര്‍ഗം തേടി വിദേശങ്ങളില്‍ പോയവരാണ് പ്രവാസികള്‍. എന്നാല്‍ ആ കാരണം കൊണ്ട് ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ വോട്ടവകാശം നിഷേധിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.

‘ഓണ്‍ലൈന്‍ വോട്ടോ, പ്രോക്‌സി വോട്ടോ ആകട്ടെ സാങ്കേതികവിദ്യ വളരെയധികം വികാസം പ്രാപിച്ച ഈ കാലഘട്ടത്തില്‍ തീരെ പ്രയാസമില്ലാത്ത ഒരു കാര്യമാണിത്. വേണ്ടെന്ന് വെക്കുന്നത് കൊണ്ടാണ് അത് നടക്കാത്തത്. ഈ കാര്യം ഗൗരവമായി കണക്കിലെടുക്കണം.

തെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്ത് പ്രഹസനമായി മാറുകയാണ്. പണവും മുഷ്‌ക്കും തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോയിട്ടുണ്ട് അതുകൊണ്ട് നിര്‍ബന്ധിത വോട്ടിംഗ് വേണമെന്ന് പറയുന്നതിനോട് ഞങ്ങള്‍ക്ക് താത്ത്വികമായി യോജിപ്പുണ്ട് പക്ഷേ ഇന്ത്യ ഇപ്പോള്‍ അതിന് പാകമായിട്ടില്ല .

ദാരിദ്രവും ഭൂമിശാസ്ത്രപരമായ പ്രയാസങ്ങളും എല്ലാം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഒരു സുപ്രഭാതത്തില്‍ വോട്ടിംഗ് നിര്‍ബന്ധമാക്കിയാല്‍ അത് പ്രയോജനവല്‍ക്കരിക്കാന്‍ പ്രയാസമുണ്ടാകും.
ജനങ്ങളെ തന്നെ ഇക്കാര്യത്തില്‍ ബോധ്യപ്പെടുത്തുന്ന വിധത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടക്കണം. അങ്ങനെ പാകമാകുന്ന ഒരു സാഹചര്യം ഇന്ത്യയില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്,’ ഇ.ടി. മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.