| Sunday, 19th September 2021, 5:47 pm

മതം മാറ്റാനുള്ള ഒരു ജിഹാദ് ഇസ്‌ലാമിലില്ല; എത്രയോ പേര്‍ ഇതരമതസ്ഥരെ വിവാഹം ചെയ്തിട്ടുണ്ട്, രാജ്യത്തെ ഭരണഘടന അനുവദിക്കുന്നത് പ്രകാരം ചെയ്യുന്നതാകാം; ജിഫ്രി തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മതം മാറ്റാനുള്ള ഒരു ജിഹാദ് ഇസ്‌ലാം മതത്തിലില്ലെന്ന് സമസ്ത നേതാവ് ജിഫ്രി തങ്ങള്‍. ഖുര്‍ ആന്‍ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. നിര്‍ബന്ധിച്ച് മതത്തിലേക്ക് ക്ഷണിക്കലില്ലെന്നാണ് ഖുര്‍ ആനില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമിന് ലവ് ജിഹാദ് എന്ന പദം അപരിചിതമാണ്. ആരെങ്കിലും ചിലര്‍ ഇങ്ങനെ ചെയ്യുന്നുണ്ടാകാം. എന്നാല്‍ ഇതിന് മതപരമായ പിന്‍ബലമില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്‌ലിം സമുദായമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനികളില്‍ പലരും മുസ്‌ലിംകളെ വിവാഹം ചെയ്തിട്ടുണ്ട്, തിരിച്ചുമുണ്ട്. ഹിന്ദുക്കളില്‍ പലരും മുസ്‌ലിംകളെ വിവാഹം ചെയ്തിട്ടുണ്ട്. തിരിച്ചുമുണ്ട്. ഇതൊക്കെ മതം അംഗീകരിച്ചിട്ടാകില്ല. രാജ്യത്തെ ഭരണഘടന അനുവദിക്കുന്നതു പ്രകാരം ചെയ്യുന്നതാകാമെന്നും അദ്ദേഹം പറഞ്ഞു.

മതസൗഹാര്‍ദം തകര്‍ക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രസ്താവനകള്‍ സമസ്തയുടെയോ കീഴ്ഘടകങ്ങളുടെയോ പ്രവര്‍ത്തകരുടെയോ ഭാഗത്തുനിന്നുണ്ടായ ചരിത്രമില്ല.

ഇസ്‌ലാം ഒരിക്കലും തീവ്രവാദത്തെ അനുകൂലിക്കുന്നില്ല. ഇസ്‌ലാമിന്റെ ചരിത്രം പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. ഇസ്‌ലാമിക രാഷ്ട്രമാക്കല്‍ ഇസ്‌ലാമിന്റെ ലക്ഷ്യമല്ല. ഏതു രാജ്യത്തായാലും ആ രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കുകയാണ് മുസ്‌ലിംകള്‍ വേണ്ടത്- എന്നും തങ്ങള്‍ പറഞ്ഞു.

പാല ബിഷപ്പ് പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് തോന്നുന്നുവെങ്കില്‍ അത് സര്‍ക്കാരിനോടായിരുന്നു പറയേണ്ടിയിരുന്നതെന്നും തങ്ങള്‍ പറഞ്ഞു.

സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകര്‍ക്കുന്നതാവരുത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ബിഷപ്പുമാര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതായിരുന്നു എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

There is no jihad in Islam to convert; How many people have married other religion person, perhaps as the country’s constitution allows; jifry muthukkoya-thangal

We use cookies to give you the best possible experience. Learn more