മീഡിയ വണിന്റെ സംപ്രേഷണ വിലക്ക് ഹരജികളില്‍ ഇടക്കാല ഉത്തരവില്ല; വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ചൊവാഴ്ച വരെ സമയം തേടി കേന്ദ്രസര്‍ക്കാര്‍
Kerala News
മീഡിയ വണിന്റെ സംപ്രേഷണ വിലക്ക് ഹരജികളില്‍ ഇടക്കാല ഉത്തരവില്ല; വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ചൊവാഴ്ച വരെ സമയം തേടി കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th February 2022, 5:30 pm

കൊച്ചി: മീഡിയ വണ്‍ ചാനല്‍ സംപ്രേഷണ വിലക്ക് ഹരജികളില്‍ ഇടക്കാല ഉത്തരവില്ലെന്ന് ഹൈക്കോടതി. അപ്പീല്‍ ഹരജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മീഡിയ വണ്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലിലാണ് തീരുമാനമുണ്ടായത്.

മീഡിയ വണിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ഹാജരായത്. ഓരോ തവണയും സുരക്ഷാ അനുമതി വേണം എന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റാണന്ന് ദവെ ഹൈക്കോടതിയില്‍ വാദിച്ചു.

ദേശ സുരക്ഷയാണ് പ്രശ്‌നമെങ്കില്‍ കഴിഞ്ഞയാഴ്ച വരെ എന്തുകൊണ്ട്സം പ്രേഷണമനുവദിച്ചുവെന്നും മീഡിയ വണിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

മീഡിയ വണിന്റെ നിരോധനത്തിന് കാരണമായ വിശദാംശങ്ങളുടെ രേഖകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ചൊവാഴ്ചവരെ സാവകാശം വേണമെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി കോടതിയില്‍ ആവശ്യപ്പെട്ടു.

സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മീഡിയ വണ്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

മീഡിയ വണിന്റെ സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ശരിവെച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

നിലവില്‍ ചാനല്‍ സംപ്രേഷണം നിര്‍ത്തിയിരിക്കുകയാണ്. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് മീഡിയ വണ്‍ മാനേജ്‌മെന്റ് അറിയിച്ചിരുന്നു.

മീഡിയ വണ്‍ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എന്‍. നരേഷ് കഴിഞ്ഞ ദിവസം വിധി പറഞ്ഞത്.

ചാനല്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നുമാണ് മീഡിയ വണ്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്.

പ്രവര്‍ത്തനാനുമതി പുതുക്കാനും സുരക്ഷാ ക്ലിയറന്‍സിനുമായി അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ഒരു തവണ ലൈസന്‍സ് നല്‍കിയാല്‍ അത് ആജീവനാന്തമായി കാണാന്‍ ആകില്ലെന്നും സെക്യൂരിറ്റി വിഷയങ്ങളില്‍ കാലാനുസൃത പരിശോധനകള്‍ ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.

ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്നാണ് അധികൃതരുടെ കമ്മിറ്റി തീരുമാനിച്ചതെന്നും ഇവര്‍ നല്‍കിയ വിവരങ്ങള്‍ സ്വീകരിക്കുകയാണ് മന്ത്രാലയം ചെയ്തിരിക്കുന്നതെന്നും അതിനാല്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാതിരിക്കാനുള്ള തീരുമാനം നീതികരിക്കാവുന്നതാണെന്നും അതിനാല്‍ പരാതി തള്ളുന്നുവെന്നുമായിരുന്നു ജസ്റ്റിസ് നഗരേഷ് പറഞ്ഞത്.

ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും 300ല്‍ അധികം ജീവനക്കാരുടെ ഉപജീവനമാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും കേസില്‍ കക്ഷിചേര്‍ന്ന് മീഡിയ വണ്‍ എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയനും കോടതിയെ അറിയിച്ചിരുന്നു.


Content Highlights: There is no interim order on Media One’s transmission ban petitions