[] ന്യൂദല്‍ഹി: ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാരെ രക്ഷിക്കാന്‍ ഒരു മലയാളി വ്യവസായി മധ്യസ്ഥത വഹിച്ചതായുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍.
അങ്ങനെ ഒരാളുണ്ടെങ്കില്‍ ഇറാഖില്‍ കുടുങ്ങിയ മറ്റ് ഇന്ത്യക്കാരെ കൂടി പറ്റുമെങ്കില്‍ രക്ഷിക്കട്ടെ എന്നും അതു ചെയ്താല്‍ സര്‍ക്കാര്‍ പത്മശ്രീ നല്‍കുമെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞു.
ഇറാഖ് പ്രശ്‌നം സംബന്ധിച്ച രാജ്യസഭയില്‍ നടന്ന ഹ്രസ്വ ചര്‍ച്ചയ്ക്കിടെ കേരളത്തില്‍ നിന്നുള്ള പി.രാജീവ് എം.പിയാണ് മലയാളി നഴ്‌സുമാരെ രക്ഷിക്കാന്‍ മലയാളി വ്യവസായി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമാക്കണന്നാവശ്യപ്പെട്ടത്. ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത നീക്കത്തിലൂടെയാണ് മോചനം സാദ്ധ്യമായത് എന്നും സുഷമ മറുപടി നല്‍കി.
വ്യവസായിയായ ഒരു പ്രവാസി മലയാളിയുടെ ഇടപെടല്‍ മൂലമാണ് നഴ്‌സുമാരുടെ മോചനം എളുപ്പത്തില്‍ സാധ്യമായതെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യസ്വാമി നേരത്തെ പറഞ്ഞിരുന്നു.