|

ബോളിവുഡിലെ തുടര്‍പരാജയങ്ങള്‍ ആവര്‍ത്തിക്കുമോ; ലാല്‍ സിങ് ചദ്ദയിറങ്ങാന്‍ മൂന്ന് ദിവസം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആമിര്‍ഖാന്‍ നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ലാല്‍ സിങ് ചദ്ദ ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്യുന്നത്. 1994 ല്‍ ടോം ഹാങ്ക്‌സ് പ്രധാനവേഷത്തില്‍ എത്തിയ അമേരിക്കന്‍ ചലച്ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ അഡാപ്‌റ്റേഷനായിട്ടാണ് ലാല്‍ സിംഗ് ചദ്ദ ഒരുങ്ങുന്നത്.

റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സിനിമാ പ്രേമികളുടെ ഇടയിലോ, സോഷ്യല്‍ മീഡിയയിലോ ചിത്രത്തെ കുറിച്ചുള്ള യാതൊരു ചര്‍ച്ചകളും നടക്കുന്നില്ല എന്നത് ചിത്രത്തിനെ ഏത് തരത്തില്‍ ബാധിക്കുമെന്ന് കണ്ട് തന്നെ അറിയേണ്ടതാണ്.

2018ല്‍ റിലീസായ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനാണ് ആമിര്‍ഖാന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വമ്പന്‍ പരാജയമായിരുന്നു ചിത്രം ഏറ്റുവാങ്ങിയത്.

ലാല്‍ സിങ് ചദ്ദക്കായി പലതരത്തിലുള്ള പ്രമോഷനുകള്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നുണ്ടെങ്കിലും കാര്യമായ സ്വാധീനം അത് പ്രേക്ഷകരില്‍ ഉണ്ടാക്കുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്.

അടുത്തകാലങ്ങളില്‍ ഇറങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ ഒക്കെ വലിയ പാരാജയമായിരുന്നു. ആ വിധി തന്നെയാണ് ലാല്‍ സിങ് ചദ്ദക്കും വരുന്നത് എങ്കില്‍ വലിയ താരങ്ങള്‍ക്ക് പോലും ബോളിവുഡിനെ കരകയറ്റന്‍ സാധിക്കില്ല എന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തും എന്ന് തന്നെ പ്രവചിക്കുന്നവരുമുണ്ട്.

ഫോറസ്റ്റ് ഗമ്പിന്റെ ആരാധകര്‍ പോലും ലാല്‍ സിങ് ചദ്ദ കാണാന്‍ തയ്യാറാകുമോ എന്നതും ആമിര്‍ ചിത്രം ബഹിഷ്‌കരിക്കണം എന്ന വിദ്വേഷ പ്രചാരണങ്ങളെ ചിത്രം അതിജീവിക്കുമോ എന്നതും അറിയാന്‍ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

അതുല്‍ കുല്‍ക്കര്‍ണിയാണ് ലാല്‍ സിങ് ചദ്ദക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കരീന കപൂര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2017ല്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ നിര്‍മാണത്തില്‍ എത്തിയ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അദ്വൈത് ചന്ദ്രനാണ് ലാല്‍ സിംഗ് ചദ്ദയുടെയും സംവിധായകന്‍.

Content Highlight: There is no hype for Aamir Khan’s new movie Laal Singh Chaddha